ചെന്നൈ: കൊവിഡ് വ്യാപിക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ മെയ് 31 വരെ ട്രെയിന്‍, വ്യോമ ഗതാഗതം തുടങ്ങരുതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് പരിശോധന ത്വരിതപ്പെടുത്തുന്നതിനായി കൂടുതല്‍ പിസിആര്‍ കിറ്റുകളും പളനിസ്വാമി കേന്ദ്രത്തോടാവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പ്രതിരോധ നടപടികളും സാമ്പത്തിക പുനരുജ്ജീവനത്തെപ്പറ്റിയും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പളനിസ്വാമി ആവശ്യം ഉന്നയിച്ചത്. നാളെ മുതല്‍ ഡല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ചെന്നൈയില്‍ കൊവിഡ് കേസുകള്‍ വ്യാപിക്കുന്നതിനിടെയാണ് ട്രെയിനുകള്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 7204 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2,43,037 സാമ്പിളുകള്‍ ഇതുവരെ സംസ്ഥാനത്തു നിന്നും പരിശോധനക്കയച്ചിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റിലാണ് കൂടുതലായും കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 59,610 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി വ്യക്തമാക്കി. 1959 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്. സംസ്ഥാനത്ത് 0.67 ശതമാനം മാത്രമാണ് മരണനിരക്ക്. തമിഴ്‌നാട്ടില്‍ ഒരു ദിവസം 13,000 പേര്‍ക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്ന് പ്രധാനമന്ത്രിയോട് പളനിസ്വാമി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 1000 കോടി രൂപയുടെ സഹായവും മുഖ്യമന്ത്രി തേടിയിട്ടുണ്ട്.