ന്യൂഡല്‍ഹി: ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ച ആദ്യ ദിനം തന്നെ ആശയക്കുഴപ്പം. മിക്ക വിമാന സര്‍വ്വീസുകളും റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 80 വിമാനങ്ങളാണ് സര്‍വ്വീസ് റദ്ദാക്കിയത്. 118 വിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാനും,125 വിമാനങ്ങള്‍ എത്തിച്ചേരാനുമാണ് ഡല്‍ഹി വിമാനത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിമാനങ്ങള്‍ ബഹുഭൂരിപക്ഷവും റദ്ദായത് യാത്രക്കാരെ ദുരിതത്തിലാക്കി. സമാനകാഴ്‌ചയായിരുന്നു മുംബൈ വിമാനത്താവളത്തിലും. 23 വിമാനങ്ങള്‍ ആയിരുന്നു മുംബൈയില്‍ നിന്നും പുറപ്പെടാനുണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വ്വീസ് ചുരുക്കി.
വിമാനം റദ്ദാക്കിയ വിവരം അവസാനനിമിഷമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. ഇതറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ബുദ്ധിമുട്ടി. എയര്‍ലൈനുകള്‍ വെബ്‌സൈറ്റുകളില്‍ സര്‍വ്വീസ് റദ്ദാക്കിയ വിവരം നല്‍കിയിരുന്നില്ല. ചില യാത്രക്കാര്‍ക്ക് യാത്രാ വിവരം സംബന്ധിച്ച സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ അറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി ഒരു വിഭാഗം യാത്രക്കാരും രംഗത്തെത്തി. ഡല്‍ഹി-മുംബൈ റൂട്ടിലും, ബെംഗളൂരു-കൊല്‍ക്കത്ത റൂട്ടിലുമാണ് കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയത്. സംസ്ഥാനങ്ങള്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളും ക്വാറന്‍റൈയിന്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചതും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഇതാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായത്.