ലഖ്നൗ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിന്‍റെ വയറ്റിൽ നിന്നും 35 ഇരുമ്പ് ആണികളും അഞ്ച് ഇരുമ്പ് ഉരുളകളും മണലും നീക്കം ചെയ്തു. ഉന്നാവോയിലെ ചന്ദ്രകുസും ആശുപത്രിയിൽ ശുക്ലഗഞ്ച് ഗ്രാമത്തിലുള്ള യുവാവ് നാല് ദിവസം മുമ്പാണ് വയറു വേദനക്ക് ചികിത്സ തേടി വന്നത്. തുടർന്നുള്ള എക്സ്-റേ റിപ്പോർട്ടിൽ യുവാവിന്‍റെ വയറ്റിൽ അവിശ്വസനീയമായ രീതിയിൽ ഇരുമ്പ് കഷണങ്ങൾ കണ്ടെത്തുകയായിരുന്നു എന്ന് ആശുപത്രി സർജൻ പറഞ്ഞു.
തുടർന്ന് മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയിലാണ് യുവാവിന്‍റെ വയറ്റിൽ നിന്നും വസ്തുക്കൾ നീക്കം ചെയ്തത്. വയറ്റിൽ നിന്നും ലഭിച്ച ഇരുമ്പ് ആണികളിൽ ഭൂരിഭാഗവും അഞ്ച് സെന്‍റീ മീറ്റർ നീളമുള്ളതായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. 250 ഗ്രാം ഇരുമ്പ് വസ്തുക്കളാണ് കണ്ടെത്തിയത്. എന്നാൽ യുവാവ് ഇരുമ്പ് വസ്തുക്കൾ എങ്ങനെയാണ് വിഴുങ്ങിയതെന്ന് അയാൾക്കും കുടുംബാംഗങ്ങൾക്കും വിവരിക്കാൻ കഴിഞ്ഞില്ല എന്ന് സർജൻ പറഞ്ഞു.