ന്യൂഡൽഹി: കൊവിഡിനെതിരെയുള്ള ജാഗ്രതാ നിർദേശത്തിന്‍റെ ഭാഗമായി ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്ന ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക താമസ സൗകര്യമൊരുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ഡോക്‌ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുമായി സമ്പർക്കത്തിൽ വന്ന സഹപ്രവർത്തകർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദേശം. എന്നാൽ, ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇവർക്ക് താമസിക്കാൻ പ്രത്യേക സൗകര്യം ഏർപ്പാടാക്കണമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ) ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധന് അയച്ച കത്തിൽ വിശദീകരിക്കുന്നു.
ഏതാനും ഡോക്‌ടർമാർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടു. ഇതിൽ ചിലർ ആശുപത്രി അനുവദിച്ച ഹോസ്റ്റലുകളിലും മറ്റുള്ളവർ വിവിധ സ്ഥലങ്ങളിൽ അവരുടെ വീടുകളിലുമാണ് താമസിക്കുന്നത്. മിക്കവരും കുടുംബത്തോടൊപ്പം ആയതിനാൽ അവരിൽ പലരും ആശങ്കിയിലാണ്. പ്രായമായവരും ചെറിയ കുട്ടികളും അടക്കം ഒരുമിച്ചാണ് ഇവർ താമസിക്കുന്നത്. അതിനാൽ തങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത് വരെ പ്രത്യേകം തയ്യാറാക്കിയ സൗകര്യത്തിൽ താമസിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു . കൂടാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകുന്ന സർക്കാറിനെ അഭിനന്ദിക്കുന്നുവെന്നും കത്തിൽ പരാമർശിക്കുന്നു.