അമരാവതി: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ നഴ്സിംഗ് ഹോമില്‍ നവജാത ശിശുവിനെ ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ച സംഭവത്തില്‍ ഡോക്ടറും ആശുപത്രി ജീവനക്കാരിയും അറസ്റ്റില്‍. ഒക്ടോബര്‍ ഒന്നിനാണ് മച്ചിലിപട്ടണത്തെ പ്രാദേശിക സ്വകാര്യ നഴ്സിംഗ് ഹോമില്‍ നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ. ധന്‍വന്ത്വരി ശ്രീനിവാസാചാര്യ, എ.എന്‍.എം ബേബി റാണി എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്സിംഗ് ഹോം ഉദ്യോഗസ്ഥര്‍ അതേ ദിവസം തന്നെ വെങ്കിടേശ്വരസാമി ക്ഷേത്രത്തിന് സമീപം കുഞ്ഞിനെ വലിച്ചെറിഞ്ഞിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുഞ്ഞിനെ വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മച്ചിലിപട്ടണം വില്ലേജ് റവന്യൂ ഓഫീസര്‍ സുധാകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെയും എഎന്‍എമ്മിനെയും അറസ്റ്റ് ചെയ്തതെന്ന് ചില്‍ക്കാലപുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ എം വെങ്കടനാരായണ പറഞ്ഞു.