നിയമങ്ങളെയും നിയമവ്യവസഥകളെയും എപ്പോഴും കാറ്റില്‍ പറത്തുന്ന രാജ്യമാണ് പാകിസ്ഥാന്‍. പ്രത്യേകിച്ച് ഇന്ത്യയോടുളള സമീപനത്തില്‍. ഭീകര പ്രവർത്തനങ്ങളുടെ പേരില്‍ അന്താരാഷ്ട സമൂഹം ഒറ്റപ്പെടുത്തുമ്പോഴും പാകിസ്ഥാന് കുലുക്കമില്ല. കര്‍ശന വ്യവസ്ഥകള്‍ ചുമത്തുമ്പോള്‍ അതില്‍ നിന്ന് രക്ഷനേടാന്‍ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ട് പാകിസ്ഥാന്‍ ചില നടപടികള്‍ സ്വീകരിക്കും എന്നല്ലാതെ ഭീകരപ്രവർത്തനങ്ങളെ ഇല്ലായ്മചെയ്യാനുളള ഒരു പ്രവർത്തനവും ഉണ്ടാകുന്നില്ല എന്നത് ദു:ഖകരമായ വസ്തുതയാണ്.
ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസ്രോതസ് ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സി(എഫ്.എ.ടി.എഫ്)ന്‍റെ കര്‍ശന നിരീക്ഷണത്തിലാണ് പാകിസ്ഥാന്‍. കഴിഞ്ഞ വർഷം ഭീകരവാദ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കുക, ഭീകരർക്ക് നല്‍കുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കുക തുടങ്ങി 27 നിർദേശങ്ങളാണ് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുന്നില്‍ വച്ചത്. എന്നാല്‍ പാകിസ്ഥാന്‍ നിർദേശങ്ങള്‍ നടപ്പാക്കിയില്ല.ഇതേതുടർന്നാണ് എഫ്.എ.ടി.എഫ് ഏഷ്യ പസഫിക്ക് മേഖല പാകിസ്ഥാനെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. നിലവില്‍ എഫ്.എ.ടി.എഫിന്‍റെ ഗ്രേ പട്ടികയിലാണ് പാകിസ്ഥാന്‍. ബ്ലാക്ക് ലിസ്റ്റില്‍ പെട്ടേക്കാം എന്ന അവസ്ഥയില്‍ നില്‍ക്കുന്ന പാകിസ്ഥാന് നാല് മാസം കൂടി സമയം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ എഫ്.എ.ടി.എഫ് . എന്നാല്‍ പാകിസ്ഥാനെപോലെയുള്ള രാജ്യത്തിന് ഈ ഇളവിന് അർഹതയില്ല. നോർത്ത് കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെപ്പോലെ പാകിസ്ഥാനെ ഉടന്‍ തന്നെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടിയിരുന്നത്. ഉടന്‍ നിർദേശം നടപ്പാക്കണമെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്‍റ് ജിയാങ് മിന്‍ ലീ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയാണ് പാകിസ്ഥാനെ അനുകൂലിക്കുന്ന രാജ്യം. ചൈനയുടെ സഹായത്തോടെയാണ് മുന്‍പ് തുർക്കിയും മലേഷ്യം എഫ്.എ.ടി.എഫിന്‍റെ കരിമ്പട്ടികയില്‍ നിന്ന് രക്ഷപ്പെട്ടത്. പാകിസ്ഥാനെയും ചൈന സഹായിക്കുമോ അല്ലെങ്കില്‍ പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ഇപ്പോള്‍ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന ജി 7 ഉച്ചകോടിയില്‍ അനധികൃത ഫണ്ട് പ്രവാഹം രാജ്യങ്ങളുടെ ബാങ്കിങ് സംവിധാനത്തെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് എഫ്.എ.ടി.എഫുമായി ചേർന്ന് അനധികൃത പണത്തിന്‍റെ വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിച്ചു. 1990 മുതല്‍ എഫ്.എ.ടി.എഫ് പ്രതിബദ്ധതയോടെ ഇതിനായി പ്രവർത്തിച്ചുവരികയാണ്. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഇല്ലായ്മ ചെയ്യണമെന്നാണ് എഫ്.എ.ടി.എഫിന്‍റെ ആഹ്വാനവും. ഭീകരപ്രവർത്തനങ്ങള്‍ ഒപ്പം ഇത്തരം പ്രവർത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍ എന്നിവ തടയാന്‍ ഒന്‍പത് ശുപാർശകളാണ് എഫ്.എ.ടി.എഫ് മുന്നോട്ട് വച്ചിട്ടുള്ളത്. എഫ്.എ.ടി.എഫിന് കീഴിലുള്ള രാജ്യങ്ങള്‍ കർശനമായി ഈ നിർദേശങ്ങള്‍ പാലിച്ചിരിക്കണം. അതു പാലിക്കാത്തത് കൊണ്ട് തന്നെയാണ് 2012-2015 വരെ പാകിസ്ഥാന്‍ എഫ്.എ.ടി.എഫ് പട്ടികയില്‍ ഗ്രേ ലിസ്റ്റില്‍ നിലനിൽക്കുന്നതും. എഫ്.എ.ടി.എഫ് നിർദേശങ്ങളില്‍ നിന്ന് വ്യതിചലിച്ച് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് കൊണ്ടുവരാനാണ് പാകിസ്ഥാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാ-അത്ത്-ഉദ്ദവയെ രാജ്യത്ത് നിന്ന് വിലക്കി പാകിസ്ഥാന്‍ ഉത്തരവിട്ടു. കൂടാതെ ഇവർക്ക് നല്‍കുന്ന സഹായവും വിലക്കി പാകിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തെ വിഢികളാക്കി. എന്നാല്‍ അധികം കഴിയാതെ തന്നെ പാകിസ്ഥാന്‍റെ തനിനിറം പുറത്തുവന്നു. തീവ്രവാദത്തെ നിയന്ത്രിക്കുകയും നിരായുധരാക്കുകയും ചെയ്ത ആദ്യ രാജ്യമാണ് പാകിസ്ഥാനെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ ഭീകരര്‍ പാക് മണ്ണിലുണ്ടെന്ന് ഇമ്രാന്‍ ഖാന് പിന്നീട് വെളിപ്പെടുത്തേണ്ടി വന്നു. ലോക പ്രശസ്ത ഭീകരസംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിന് സാമ്പത്തിക സഹായം നല്‍കിയതും ഇമ്രാന്‍ ഖാന്‍ സർക്കാറാണെന്നും നാം നോക്കിക്കാണേണ്ടതാണ്.
അടുത്തിടെ ശ്രീലങ്ക, ടുണീഷ്യ, എത്യോപ്യ എന്നീ രാജ്യങ്ങളെ എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി. പകരം മംഗോളിയ, സിംബാബ്‌വേ എന്നിവയെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ശാരീരികമായും സാമ്പത്തികമായും ഇന്ത്യയെ കീഴ്പ്പടുത്താനുളള പാക് ശ്രമങ്ങള്‍ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് വേണ്ടിയാണ് പാകിസ്ഥാന്‍ ഭീകരരുടെ സഹായം തേടുന്നതും. ഇന്ത്യയെ കീഴിപ്പെടുത്തുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പാകിസ്ഥാന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ലോകരാജ്യങ്ങളുടെ നോട്ടപ്പുള്ളിയായത് മാത്രമല്ല, പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കാന്‍ പോലും ലോകരാഷ്ടങ്ങള്‍ മുതിരാതായി. ഇപ്പോള്‍ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഒരു വർഷത്തിനുള്ളില്‍ ജിഡിപി നിരക്ക് 33000മില്യണ്‍ ഡോളറായി കുറഞ്ഞു. നാല്‍പത് ദശലക്ഷം രൂപയുടെ വായ്പ, സാമ്പത്തിക കമ്മി എന്നിവയും രാജ്യം നേരിടുകയാണ്. പണപ്പെരുപ്പ നിരക്ക് 13ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലാണ്. ഇതെല്ലാം പാകിസ്ഥാനിലെ തകർന്ന സമ്പദ് വ്യവസ്ഥയുടെ നേർക്കാഴ്ചകളാണ്.
അന്താരാഷ്ട്ര നാണ്യ നിധി പാകിസ്ഥാന് 600 മില്യണ്‍ ഡോളറിന്‍റെ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സ്വീകരിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് രാജ്യം.കാരണം കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അന്താരാഷ്ട സഹായം ലഭിക്കില്ല എന്നതാണ് പാകിസ്ഥാനെ ആശങ്കയിലാക്കുന്നത്. എഫ്.എ.ടി.എഫ് നിർദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇത്തരത്തിലുളള നിരവധി പ്രശ്നങ്ങള്‍ പാകിസ്ഥാന്‍ അഭിമുഖീകരിക്കേണ്ടിവരും. അതിനായി ഭീകരപ്രവകത്തനങ്ങള്‍ നിർത്തിവെക്കുകയല്ലാതെ നിലവില്‍ പാക്സ്ഥാന് മുന്നില്‍ മറ്റ് മാർഗങ്ങളില്ല. ഒരിക്കൽ കൂടി ലോകത്തെ വഞ്ചിക്കാൻ പാകിസ്ഥാന്‍ ശ്രമിക്കുകയാണെങ്കില്‍ കൂടുതല്‍ ഭീകരമായ നടപടികള്‍ പാകിസ്ഥാന്‍ നേരിടേണ്ടിവരും. അത് രാജ്യത്തെ ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും തകർച്ചയിലേക്കുമാകും നയിക്കുക.