ന്യൂഡൽഹി: വികസിത രാജ്യങ്ങളിലെ കൊവിഡ് വ്യാപനവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സാഹചര്യം ഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. സ്ഥിതിഗതികൾ മോശമായാൽ മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ സജ്ജമാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫെറൻസ് വഴി നടന്ന ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ഡോ. ഹർഷ് വർധൻ അറിയിച്ചു. "ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ഏകദേശം 3.3 ശതമാനമാണ്. അതേസമയം, രോഗമുക്തിയുടെ നിരക്ക് 29.9 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് ആശ്വാസകരമായ സൂചനയാണ്. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് മാത്രമായി രാജ്യത്ത് 843 ആശുപത്രികളാണ് ഉള്ളത്. അവയിൽ 1,65,991 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, 1, 35, 643 കിടക്കകളുള്ള 1, 991 ആരോഗ്യകേന്ദ്രങ്ങൾ രാജ്യത്തുടനീളമുണ്ട്.' കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തി, ഏകോപന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
'ഇന്ത്യ മുഴുവനായി 7, 645 നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. കേന്ദ്രത്തിൽ നിന്നും 69 ലക്ഷം എൻ -95 മാസ്കുകളും 32.76 ലക്ഷം പിപിഇ കിറ്റുകളും സംസ്ഥാന ഗവൺമെന്‍റുകൾക്ക് വിതരണം ചെയ്തു. പൂനെയിൽ മാത്രമായിരുന്നു വൈറസ് പരിശോധനാ ലബോറട്ടറി ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് രാജ്യത്ത് വിവിധ ഇടങ്ങളിലായുള്ളത് 453 ലാബുകളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം വരെയുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ വെന്‍റിലേറ്ററുകളിൽ കഴിയുന്ന രോഗികളുടെ എണ്ണം 0.38 ശതമാനം മാത്രമാണ്. കൂടാതെ, 1.88 ശതമാനം പേർക്കാണ് ഓക്സിജന്‍റെ പിന്തുണയോടെ ചികിത്സ ആവശ്യമുള്ളത്.' അതുപോലെ ഐസിയു കിടക്കകൾ ആവശ്യമുള്ളത് 2.21 ശതമാനം പേർക്ക് മാത്രമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.