ബെംഗളൂരു: സോണിയ ഗാന്ധിക്കെതിരെയുള്ള എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് കത്തെഴുതി. മുഖ്യമന്ത്രി, സംസ്ഥാന ആഭ്യന്തരമന്ത്രി, പൊലീസ് ജനറൽ, ശിവമോഗ പൊലീസ് മേധാവി തുടങ്ങിയവർക്ക് അയച്ച കത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത പൊലീസുകാരനെതിരെ നടപടി എടുക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.
തുല്യ നീതിയുടെ അടിസ്ഥാനത്തിൽ നിയമം ദുരുപയോഗം ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കണം. ശിവമോഗ ജില്ലയിലെ ബിജെപി പ്രവർത്തകനായ അഭിഭാഷകൻ കെ.വി പ്രവീൺ കുമാറിന്‍റെ പരാതിയിലാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അഭിഭാഷൻ ഈ പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി കെയേഴ്‌സ് ഫണ്ട് ഉപയോഗിക്കാൻ പ്രധാനമന്ത്രിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണിയ ഗാന്ധി ട്വീറ്റ് ചെയ്‌തതെന്നും ശിവകുമാർ പറഞ്ഞു.
ബിജെപി നേതൃത്വം അതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും സത്യം മനസിലാക്കാതെ സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ പ്രവീൺ കുമാറിനെ പ്രേരിപ്പിച്ചുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 2020 മെയ് 11ന് കോൺഗ്രസ് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ട് ദുരൂപയോഗം ചെയ്‌തുവെന്നും ട്വീറ്റുകളിലൂടെ കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നുമുള്ള പരാതിയിലാണ് എഫ്ഐആർ റിപ്പോർട്ട് ചെയ്‌തത്.