കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ കത്ത് രാഹുല്‍ ഗാന്ധിക്കെതിരായുള്ള ഗൂഢാലോചനയാണെന്നും ഇത്തരത്തിലുള്ള നീക്കങ്ങൾ പാര്‍ട്ടിയെ പിളര്‍ത്തിയേക്കാമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃത്വ പ്രശ്‌നം എന്തുകൊണ്ടാണ് അവസാനിക്കാത്തത്?
2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അന്നത്തെ പാർട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി രാജി വെച്ചതു മൂലമുണ്ടായതാണ് നേതൃത്വ പ്രശ്‌നം. രാഹുല്‍ ഇനി തുടരേണ്ടതില്ല എന്ന നിലപാട് എടുക്കുകയും ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ പാര്‍ട്ടിയെ നയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. അത്തരത്തിലൊരാളെ കണ്ടെത്തുവാനുള്ള പ്രക്രിയ പാർട്ടിയിൽ തുടര്‍ന്നു വരുന്നു. അതിനാല്‍ ഇടക്കാലത്തേക്ക് അധ്യക്ഷ പദവി ഏറ്റെടുക്കുവാന്‍ സോണിയാ ഗാന്ധിയോട് പാർട്ടി ആവശ്യപ്പെടുകയായിരുന്നു. അന്ന് തൊട്ട് അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരിക്കണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മുഴുവന്‍ സമയം പാര്‍ട്ടി അധ്യക്ഷന്‍ ആവശ്യമാണെന്നും പാര്‍ട്ടിക്കകത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഈയിടെ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതി. താങ്കള്‍ അതിനെ ഗൂഢാലോചന എന്ന് മുദ്ര കുത്തുന്നു. എന്തുകൊണ്ട്?
പ്രസ്‌തുത സംഭവം സംബന്ധിച്ച് ഒരു പ്രശ്‌നവുമില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്‍റെ തലപ്പത്ത് കാര്യങ്ങള്‍ നടത്തുവാന്‍ ഒരു മുഴുവന്‍ സമയ അധ്യക്ഷനെ ആവശ്യമാണ്. അത് നല്ല കാര്യം തന്നെയാണ്. പക്ഷെ ഇവിടെ ഒരു കാര്യം എനിക്ക് ചൂണ്ടി കാട്ടുവാനുണ്ട്. അതായത് കോണ്‍ഗ്രസിനെയും ഗാന്ധിമാരെയും അസ്ഥിരപ്പെടുത്തുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മാറുകയായിരുന്നു ചില മുതിർന്ന നേതാക്കള്‍. ഡല്‍ഹിയിലെ ചില പാര്‍ട്ടി നേതാക്കളുടെ വസതിയിലും ഓഫീസികളിലുമൊക്കെ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അത്തരം ഗൂഢാലോചനകള്‍ മുന്‍ കാലങ്ങളിലും നടന്നിട്ടുണ്ട്. വിമതരുടെ കത്ത് ഈ ഗൂഢാലോചനയാണ് വെളിച്ചത്തു കൊണ്ടു വന്നത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അത്തരം ഒരു തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്താന്‍ പാടില്ല എന്നാണ് എന്‍റെ അഭിപ്രായം.
തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്താന്‍ പാടില്ല എന്ന അഭിപ്രായം എന്തുകൊണ്ടാണ് ?
കാരണം അത്തരം ഒരു തെരഞ്ഞെടുപ്പ് നിരവധി ഗ്രൂപ്പുകളെ സൃഷ്‌ടിക്കും. അത് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കും. തുടർന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിളര്‍ത്തുവാന്‍ തന്നെ പോന്ന നിലയിലുള്ള ശത്രുതയായി വളരും. അത്തരം ഒരു തെരഞ്ഞെടുപ്പ് അധികാര പോരാട്ടത്തിനു കാരണമാകും. സംഘടനക്കകത്ത് തനിക്ക് എത്രത്തോളം സ്വാധീനം ഉണ്ടെന്ന് കാട്ടുവാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ നേതാക്കള്‍ക്കിടയില്‍ അത് എതിരാളികളെ മറി കടക്കുവാനുള്ള മനോഗതി സൃഷ്ടിച്ച് പല രാഷ്ട്രീയ കളികളിലേക്ക് നയിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനായി എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഒരു വേളയില്‍ ഇത് തീര്‍ച്ചയായും അഭികാമ്യമായ കാര്യമല്ല.
പക്ഷെ ആഭ്യന്തര ജനാധിപത്യം ഉയര്‍ത്തി കാട്ടുന്നത് അത്ര മോശം ആശയമല്ലല്ലോ?
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏത് സംഘടനയിലും ആഭ്യന്തര ജനാധിപത്യവും സംഘടനാ തെരഞ്ഞെടുപ്പും എല്ലാം ആവശ്യമാണ്. എന്നാല്‍ അത്തരത്തിലൊരു തെരഞ്ഞെടുപ്പ് മറ്റ് എത്ര പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട് എന്ന് ഞാന്‍ വിമര്‍ശകരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ ചോദ്യം ചെയ്യുന്ന മറ്റ് പല പാര്‍ട്ടികളിലും അത്തരം ഒരു സംവിധാനം ഇല്ല. അതോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ എത്ര അംഗങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ട് എന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ പാര്‍ട്ടിയെ ശക്തമായ പ്രതിപക്ഷം എന്ന നിലയില്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ തളര്‍ത്തുകയോ പിളര്‍ത്തുകയോ ചെയ്യുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരികയല്ല വേണ്ടത്.
അപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ അത് രാഹുല്‍ ഗാന്ധിക്ക് എതിരായി മാറുമോ?
അത്തരം ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ അതിന്‍റെ ഫലമെന്തായിരിക്കും എന്ന് എനിക്ക് മുന്‍ കൂട്ടി തന്നെ പറയാന്‍ കഴിയും. രാഹുല്‍ മത്സരിച്ചാല്‍ അദ്ദേഹം വിജയിക്കും എന്നുള്ള കാര്യം ഉറപ്പ്. പാര്‍ട്ടിയുടെ യുവജന വിഭാഗങ്ങളായ യൂത്ത് കോണ്‍ഗ്രസിലും നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യയിലും അതിന് യോഗ്യത ഉള്ള ഏകനേതാവ് രാഹുലാണ്. യുവ ജന വിഭാഗങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്താം. പാര്‍ട്ടി മുഖ്യമന്ത്രിമാരോട് പോലും വേണമെങ്കില്‍ നിങ്ങള്‍ക്ക് ചോദിക്കാം. ഇനി ആരായിരിക്കണം കോണ്‍ഗ്രസ് അധ്യക്ഷനെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും ചോദിച്ച് നോക്കൂ. അത്തരം ഒരു സാഹചര്യത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആരെങ്കിലും ഒക്കെ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയുള്ളതല്ല എന്ന് ഞാന്‍ കരുതുന്നു.
കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
കഴിഞ്ഞ 18 മാസമായി രാജ്യത്തെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ഉത്തേജിപ്പിക്കുവാന്‍ പോന്ന ഒരു മുഴുവന്‍ സമയ നേതാവ് പാര്‍ട്ടിക്കില്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആത്മാർഥമായി പ്രവർത്തിക്കുന്ന നിരവധി പ്രവര്‍ത്തകരുണ്ട്. പക്ഷെ അവരെല്ലാം ഇന്ന് ചിതറി കിടക്കുകയാണ്. അവരെ നമുക്ക് സംഘടിപ്പിക്കേണ്ടതുണ്ട്. അവരെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി അതിശക്തമായി മാറിയിരിക്കുന്നു. അതിനാല്‍ കോണ്‍ഗ്രസിനെ ശക്തമാക്കേണ്ടതുണ്ട്. പാര്‍ട്ടി അധ്യക്ഷനായി പൂര്‍ണ കരുത്തോടെ രാഹുൽ ഗാന്ധി എത്തുകയും അദ്ദേഹം രാജ്യം മുഴുവന്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുവാനായി യാത്ര ചെയ്യേണ്ടതുമുണ്ട്.
അത് ഉടന്‍ തന്നെ സാധ്യമാകുമോ?
ഓഗസ്റ്റ് 24ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അടുത്ത ആറ് മാസത്തിനുള്ളില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 മാര്‍ച്ച്, ഏപ്രിലോടു കൂടി നേതൃത്വവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും നിര്‍ണായക സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം പരിഹരിക്കപ്പെട്ട് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകും എന്നാണ് എന്‍റെ അഭിപ്രായം.