ന്യൂഡല്‍ഹി: മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുന്നും ശമ്പളം വെട്ടിക്കുറക്കുന്നതുമായ വിഷയത്തില്‍ കേന്ദ്ര സർക്കാരിനോട് വിശദീകരണം ചോദിച്ച് സുപ്രീം കോടതി. കൊവിഡ് ലോക്ക്‌ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാധ്യമ സ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചു വിടുന്നതും വേതനം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എന്‍വി രമണ, സജ്ജയ് കിഷന്‍ കൗള്‍ ജസ്റ്റിസ് ബിആർ ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രത്തിന്‍റെ മറുപടി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. മറുപടി നല്‍കാന്‍ രണ്ടാഴ്‌ചത്തെ സമയമാണ് കേന്ദ്രത്തിന് കേന്ദ്രത്തിന് കോടതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്, നാഷണല്‍ അലൈന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്, ബ്രിഹാന്‍ മുംബൈ യൂണിയന്‍ ഓഫ് ജേർണലിസ്റ്റ് സംഘടനകള്‍ സംയുക്തമായാണ് ഹർജി സമര്‍പ്പിച്ചത്.
കേന്ദ്രത്തെ കൂടാതെ ഇന്ത്യന്‍ ന്യൂസ് പേപ്പർ സൊസൈറ്റി, ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരോടും വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്.