ശ്രീനഗര്‍: ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്‌മീരിലെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദര്‍ സിങിനെ അന്വേഷണത്തിനായി ജമ്മുവില്‍ എത്തിച്ച് എന്‍.ഐ.എ. ട്രാന്‍സിറ്റ് റിമാന്‍ഡ് പ്രകാരമാണ് ദേവീന്ദര്‍ സിങിനെ തെളിവെടുപ്പിനായി ജമ്മുവില്‍ എത്തിച്ചത്. ചോദ്യം ചെയ്യലിനായി എന്‍.ഐ.എ കോടതി വ്യാഴാഴ്‌ച ദേവീന്ദര്‍ സിങിന് റിമാന്‍ഡ് അനുവദിച്ചിരുന്നു.
ജനുവരി 11നാണ് ഭീകരരായ നവീദ് ബാബുവിനും റാഫി അഹമ്മദിനും അഭിഭാഷകന്‍ ഇര്‍ഫാന്‍ അഹമ്മദിനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന ദേവീന്ദര്‍ സിങ് പിടിയിലായത്. അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനുള്ള സഹായം നല്‍കുകയായിരുന്നു ദേവീന്ദര്‍ സിങ്. ഇതിനിടെയാണ് പൊലീസിന്‍റെ പിടിയിലായത്.
ജമ്മു കശ്‌മീര്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് അന്വേഷണത്തിനായി എന്‍.ഐ.എയ്‌ക്ക് കൈമാറുകയായിരുന്നു. ദേവീന്ദര്‍ സിങിനെ സര്‍വ്വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. കഴിഞ്ഞ ദിവസം ദേവീന്ദര്‍ സിങിന്‍റെ വീട്ടില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തിയിരുന്നു.