ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. രാഹുല്‍ ഗാന്ധിക്കെതിരെ ശിവരാജ് സിങ് ചൗഹാന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ആരോപണം. ക്രൈം ബാഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയുള്ള വീഡിയോ ട്വിറ്ററീലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് ദിഗ്‌വിജയ് സിങിനെതിരെ കേസെടുത്തത്. സമാനമായ ആരോപണവുമായാണ് ഒരു ദിവസത്തിനു ശേഷം കോണ്‍ഗ്രസ് നേതാവെത്തുന്നത്.
ബിജെപിയുടെ പരാതിയില്‍ താനടക്കമുള്ള 12 പേര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു. തന്‍റെ പരാതിയില്‍ ശിവരാജ് സിങ് ചൗഹാനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പരാതിക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം അവഹേളിക്കപ്പെടുകയാണെന്നും വീഡിയോയുടെ ഉറവിടം എവിടെയാണെന്നും ആരാണ് എഡിറ്റ് ചെയ്‌തതെന്നും കണ്ടെത്തണമെന്ന് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു.
കമല്‍നാഥ് സര്‍ക്കാറിന്‍റെ മദ്യനയത്തെക്കുറിച്ച് ശിവരാജ് സിങ് പറഞ്ഞ പഴയ പ്രസ്‌താവനയെ എഡിറ്റ് ചെയ്‌ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ദിഗ്‌വിജയ് സിങിനും 11 പേര്‍ക്കുമെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. 2.19 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്‌ത് 9 സെക്കറ്റുള്ള ഭാഗം ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതാണെന്ന് ബിജെപി ആരോപിച്ചിരുന്നു.