ഭുവനേശ്വര്‍: ജനങ്ങൾക്കിടയില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കാനുള്ള തിരക്കിലാണ് ഭുവനേശ്വറിലെ പ്രണതി സ്വെയ്ൻ. വാഹനമോടിക്കുന്നവര്‍ക്ക് ഹെൽമെറ്റ് വച്ച് നല്‍കിയും സീറ്റ് ബെൽറ്റ് ഉറപ്പിച്ചു കൊടുത്തും ആളുകളോട് സ്‌നേഹത്തോടെ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഉപദേശിക്കുകയും ചെയ്താണ് പ്രണതി വ്യത്യസ്‌തയാകുന്നത്.
സ്വന്തം ശാരീരിക വൈകല്യങ്ങളെ തോല്‍പ്പിച്ചു കൊണ്ടാണ് പ്രണതി പൊരിവെയിലത്തും റോഡിലിറങ്ങി ജനങ്ങളോട് ട്രാഫിക് നിയമങ്ങൾ പാലിക്കാൻ പറയുന്നത്. മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത ദിവസം മുതൽ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്‌ടിക്കാനുള്ള തിരക്കിലാണ് ഇവര്‍. ഉപദേശം മാത്രമല്ല, നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് പ്രണതിയുടെ വക മിഠായികളും നന്ദി കാർഡുകളുമുണ്ട്. പ്രണതിയുടെ ഈ പ്രവർത്തനത്തെ ട്രാഫിക് ഡിസിപി അഭിനന്ദിക്കുകയും അവരുടെ പ്രവൃത്തി പ്രചോദനകരമാണെന്നും ഇത് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാൻ സഹായിക്കുമെന്നും പറഞ്ഞു.