ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് ഇന്ധന വില. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. പെട്രോളിന് 35 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. രണ്ടാഴ്‌ചക്കിടെ പെട്രോളിന് 7.97 രൂപയും ഡീസലിന് 8.88 രൂപയുമാണ് കൂടിയത്. ഡല്‍ഹിയില്‍ പെട്രോളിന് 78.88 രൂപ നിന്നും 79.23 രൂപയായി അതേസമയം ഡീസലിന് 77.67 രൂപയില്‍ നിന്നും 78.27 രൂപയുമായി. പ്രാദേശിക വിൽപന നികുതി, വാറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും നിരക്ക് വ്യത്യാസപ്പെടാം.
ഇന്ധന വിലയുടെ മൂന്നില്‍ രണ്ട് ഭാഗവും നികുതിയാണ്. 32.98 രൂപ കേന്ദ്ര എക്‌സൈസ് തീരുവയും 17.71 രൂപ പ്രാദേശിക വിൽപന നികുതിയും വാറ്റുമാണ്. മുംബൈയില്‍ പെട്രോളിന് 86. 04 രൂപയും ഡീസലിന് 76.69 രൂപയുമാണ്. ലോക്ക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ 82 ദിവസങ്ങള്‍ക്ക് ശേഷം ജൂൺ ഏഴിനാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. എണ്ണ കമ്പനികൾക്ക് എക്‌സൈസ് ഡ്യൂട്ടി വർധിപ്പിച്ചതിനെ തുടർന്നാണ് വിലക്കയറ്റം.