ഭോപ്പാൽ: ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ്. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തിലാണ് കമൽനാഥ് ആരോപണം ഉന്നയിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രസംഗത്തിനിടെ മന്ത്രി ഇമാർതി ദേവിയെ "ഐറ്റം" എന്ന് പരാമർശിച്ചതിന് കമല്‍നാഥിന് എതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബിജെപിക്ക് എതിരായ വിമർശനം.
വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ കമല്‍ നാഥിനെതിരെ പ്രതിഷേധിച്ച് ചൗഹാനും ബിജെപി നേതാക്കളും രണ്ട് മണിക്കൂർ നിശബ്ദ ഉപവാസം നയിച്ചു. ദലിത് വനിതാ നേതാവിനെതിരെയുള്ള പരാമർശത്തിന് കമല്‍ നാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൗഹാൻ കോൺഗ്രസ് മേധാവി സോണിയ ഗാന്ധിക്ക് കത്ത് എഴുതിയിരുന്നു.
കമൽനാഥിന്‍റെ പരാമർശം തെറ്റാണെന്ന് സോണിയ ഗാന്ധിക്ക് തോന്നിയാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവർ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ കോൺഗ്രസും സോണിയ ഗാന്ധിയും അദ്ദേഹത്തിന്‍റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, താൻ അപമാനകരമായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്നും താൻ പറഞ്ഞ വാക്കിന് ധാരാളം അർത്ഥങ്ങളുണ്ടെന്നും പാർട്ടി തെറ്റിദ്ധാരണ പരത്തുകയാണെന്നും ചൗഹാന് നാഥ് മറുപടി നൽകി. ബിജെപി ഭരണത്തിൻ കീഴിലുള്ള കഴിഞ്ഞ ഏഴു മാസത്തിനിടയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മധ്യപ്രദേശ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ചൗഹാൻ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.