ന്യൂഡൽഹി: വിമാന സർവീസുകൾ നടത്തുമ്പോൾ കഴിവതും മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. എന്നാൽ യാത്രക്കാർ അധികമുള്ള സമയങ്ങളിൽ സീറ്റിന്‍റെ മധ്യഭാഗത്ത് ഇരിക്കുന്നയാൾക്ക് മൂന്ന് ലേയർ മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, ഗൗൺ എന്നിവ നിർബന്ധമായും നൽകണമെന്നും വിമാനക്കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകി.
ലോക്ക് ഡൗൺ മൂലം നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ മെയ് 25നാണ് പുനഃരാരംഭിച്ചത്. എന്നാൽ അന്താരാഷ്‌ട്ര വാണിജ്യ പാസഞ്ചർ വിമാന സർവീസുകൾ രാജ്യത്ത് നിർത്തിവെച്ചിരിക്കുകയാണ്. ജൂൺ മൂന്ന് മുതൽ ഡിജിസിഎ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. മൂന്ന് ലേയർ മാസ്‌ക്, ഫെയ്‌സ് ഷീൽഡ്, സാനിറ്റൈസർ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ കിറ്റുകൾ എല്ലാ യാത്രക്കാർക്കും നൽകണമെന്നും ഡിജിസിഎ വിമാനക്കമ്പനികളോട് നിർദേശിച്ചു.