ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി. സൗദി അറേബ്യയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം തകർന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്.
ഞായറാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന സൗദി എയർബസ് 330 കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. 2010 മെയ് മാസത്തിൽ മംഗളൂരുവിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് ബോയിംഗ് 737 അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 2015 മെയ് മുതൽ വലിയ വിമാനങ്ങളുടെ പ്രവർത്തനം കരിപ്പൂരിൽ നിരോധിച്ചിരുന്നു. ഡിജിസിഎയുടെ സുരക്ഷാ അനുമതിക്ക് ശേഷം 2018ൽ വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് പുനരാരംഭിച്ചു.
മൺസൂൺ കാലയളവിൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ പ്രവർത്തനം തടയാനുള്ള തീരുമാനം വളരെ ജാഗ്രതയോടെ എടുത്തതാണെന്നും കനത്ത മഴ ലഭിക്കുന്ന വിമാനത്താവളങ്ങളുടെ പ്രത്യേക ഓഡിറ്റ് ഡിജിസിഎ നടത്തുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുംബൈ, കൊച്ചി, തിരുവനന്തപുരം തുടങ്ങി 12 വിമാനത്താവളങ്ങളിൽ 10 എണ്ണത്തിന്‍റെ ഓഡിറ്റ് ഡിജിസിഎ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്രാഷ്-ലാൻഡിങ് അന്വേഷണത്തിന്‍റെ ഭാഗമായി എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് (എഎഐബി) പരിശോധിക്കുന്നതിനാൽ കരിപ്പൂർ വിമാനത്താവളം ഡിജിസിഎ ഓഡിറ്റ് ചെയ്യില്ല.