ദുഷ്ട ശക്തികളെ നിഗ്രഹിച്ച് ലോകത്തെ നന്മയിലേക്ക് നയിക്കാന്‍ ഭക്തിസാന്ദ്രമായി വീണ്ടുമൊരു ശിവരാത്രി. മഹാ ശിവരാത്രിയോട് അനുബന്ധിച്ച് പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്കാണ്. ശിവമന്ത്രം ഉരുവിട്ട് കൂവളത്തില, പാല്‍, തേന്‍ എന്നിവ ശിവലിംഗത്തില്‍ സമര്‍പ്പിച്ച് ഉപവാസം അനുഷ്ഠിച്ച് ഉറക്കമുളയ്ക്കുന്നതും വ്രതമെടുത്ത് താലം എടുക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. അജ്ഞാനത്തിന്‍റെആസക്തികളുടെ അരാജകത്വത്തിന്‍റെ മഹാനിദ്രയിലമര്‍ന്ന മനുഷ്യവംശത്തെ ഇത്തരം ശാപങ്ങളില്‍ നിന്ന് മുക്തമാക്കാനാണ് വ്രതാനുഷ്ഠാനം. ഹിന്ദു പഞ്ചാംഗം പ്രകാരം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ 13-ാം തീയതി രാത്രിയിലും14-ാം തീയതിയുമായിട്ടാണ് ശിവരാത്രി കൊണ്ടാടുന്നത്. സര്‍വ്വ പാപത്തിനും പരിഹാരമായി ആഘോഷിക്കുന്ന ശിവരാത്രി വസന്തകാലത്തിന്‍റെ വരവിനെ കൂടി അടയാളപ്പെടുത്തുന്നു.
ശിവരാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളാണ് പ്രചരിക്കുന്നത്.
പാലാഴി മഥനം നടത്തിയപ്പോള്‍ ലോകരക്ഷയ്ക്ക്വേണ്ടി മഹാദേവന്‍ കാളകൂടവിഷം പാനം ചെയ്തു. വിഷം ഭഗവാനെ ബാധിക്കാതിരിക്കാന്‍ ലോകരെല്ലാം ഉറങ്ങാതെ വ്രതം അനുഷ്ഠിച്ചു പ്രാര്‍ഥിച്ചു. ശിവഭഗവാന്‍ വിഷം പാനം ചെയ്ത ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചത് ഭഗവാന്‍ തന്നെയാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഹിന്ദു പുരാണങ്ങളില്‍ പറയുന്ന മറ്റൊരു ഐതിഹ്യം തിന്മയെ നിഗ്രഹിച്ച് നന്മയെ കൊണ്ടുവരാന്‍ ശിവന്‍ താണ്ഡവ നൃത്തമാടിയെന്നാണ്. കൂടാതെ മഹാശിവരാത്രി ദിനത്തില്‍ ദേവി പാര്‍വതിയെ പരമശിവന്‍ മംഗല്യം ചെയ്തതും ഐതിഹ്യമായി പറയപ്പെടുന്നു.
മഹാശിവരാത്രി ദിനത്തിലാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് കുംഭമേളയുടെ അവസാന സ്നാനം ത്രിവേണി സംഗമത്തില്‍ നടക്കുന്നത്. 55 ദിവസം നീണ്ട കുംഭമേളയാണ് ഇന്ന് സമാപിക്കുന്നത്. ജനുവരി 15 നാണ് കുംഭമേള ആരംഭിച്ചത്.