ജമ്മു കശ്മീർ: കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് അപ്രതീക്ഷിതമായി കശ്മീരില്‍ വാർത്താ വിനിമയ ബന്ധം വിച്ഛേദിക്കുന്നത്. പിന്നീട് ഉണ്ടായത് കശ്മീരിന്‍റെ ചരിത്രത്തിലെ നിർണായക തീരുമാനങ്ങൾ. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചു. കശ്മീരിനുള്ള പ്രത്യേക അധികാരങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു. ഇതോടെ കശ്മീർ ജനതയ്ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതകളും അടഞ്ഞു. പാർലമെന്‍റിന്‍റെ ഇരു സഭകളിലുമായി നിയമം പാസാക്കിയ ശേഷം കേന്ദ്ര സർക്കാർ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നിരുന്നു. പക്ഷേ വാർത്താ വിനിമയ ബന്ധം ഇനിയും പൂർണമായും പുനസ്ഥാപിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് ദിവസമായി ബിഎസ്എൻഎൽ ഉദ്യോഗസ്ഥരെ സമീപിക്കുകയാണെന്നും അവർ പണം ആവശ്യപ്പെടുകയാണെന്നും എന്നാൽ തങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ അവർ നൽകുന്നില്ല എന്നും കശ്മീർ സ്വദേശിയായ ബിലാൽ അഹമദ് ആരോപിച്ചു. ആഗസ്റ്റ് അഞ്ച് മുതൽ ഈ സ്ഥിതി തുടരുകയാണ്. ഉദ്യോഗസ്ഥർക്ക് പോലും കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്നലെ ഫോൺ കണക്ഷൻ പുനസ്ഥാപിക്കപ്പെടും എന്ന് അധികൃതർ നൽകിയ ഉറപ്പിൽ നൂറിലധികം ആളുകൾ ബിഎസ്എൻഎൽ ഓഫീസിലേക്ക് എത്തിയെങ്കിലും ഉദ്യോഗസ്ഥർ തങ്ങളെ പുറത്താക്കിയെന്നും കശ്മീരിന് പുറത്തുള്ളവരുമായി ബന്ധപ്പെടാൻ ഫോൺ കണക്ഷൻ അത്യാവശ്യമാണെന്നും മറ്റൊരു പ്രദേശവാസി പറഞ്ഞു. കശ്മീന് പുറത്തേക്ക് ബന്ധപ്പെടാനോ ബന്ധുക്കളെ വിവരം അറിയിക്കാനോ യാതൊരു മാർഗ്ഗവുമില്ലാതെ വലയുകയാണ് കശ്മീർ നിവാസികൾ.