ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തമായ ചുഴലിക്കാറ്റാകും. ഇതിനനുസൃതമായി ആംഫാൻ ചുഴലിക്കാറ്റ് മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും പിന്നീട് ഇത് മെയ് 18, 19, 20 തിയതികളിൽ പശ്ചിമ ബംഗാള്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ആൻഡമാനിനും ആന്ധ്രാപ്രദേശിന്‍റെ തീരദേശങ്ങളിലും സമീപപ്രദേശങ്ങളിലും കൂടാതെ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളിലും അടുത്ത ആറു ദിവസങ്ങളിൽ മോശം കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. കൂടാതെ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ മഴക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
തീരദേശ മേഖലയിലെ 12 ജില്ലാ കലക്ടർമാരോട് ഏത് സാഹചര്യത്തെയും നേരിടാന്‍ ജാഗരൂകരായി സജ്ജരായി ഇരിക്കാൻ ഒഡീഷ സർക്കാർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകരുതെന്നും കടലിൽ പോയവർ ഇന്ന് വൈകുന്നേരത്തിനുള്ളിൽ മടങ്ങി വരാനും സർക്കാർ നിർദേശിച്ചു. പടിഞ്ഞാറൻ മേഖലയിൽ രൂപം കൊണ്ട ന്യൂനമർദം മൂലം ഹരിയാനയുടെയും ഡൽഹിയുടെയും ചില ഭാഗങ്ങളിൽ നാളെ മഴ ലഭിക്കുമെന്ന് ഐഎംഡിയുടെ വടക്കു പടിഞ്ഞാറൻ കാലാവസ്ഥാ കേന്ദ്രം മേധാവി കുൽദീപ് ശ്രീവാസ്തവ അറിയിച്ചു. കൂടാതെ, മെയ് 21, 22 തിയതികളിൽ ഉത്തരേന്ത്യയിലെ താപനില 42 ഡിഗ്രിയിലേക്ക് ഉയരും. എന്നാൽ, വരുന്ന ഒരാഴ്‌ചയിൽ വലിയ ചൂട് അനുഭവപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.