ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം വളരെധികം കുറഞ്ഞുവെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌ൻ. ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗമുള്ളത്. 40 ശതമാനം വരെയെത്തിയ കൊവിഡ് വ്യാപന നിരക്ക് സര്‍ക്കാരിന്‍റെ കൃത്യമായി ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്ന് സത്യേന്ദര്‍ ജെയ്‌ൻ പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കഴിയുന്തോറും കുതിച്ചുയരുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ആ സ്ഥിതി ഇന്ന് മാറി - മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1450 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. 16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം 1250 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. യമുനാ നദിയില്‍ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച ചോദ്യത്തിന് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. നിലവില്‍ 204 മീറ്ററാണ് ജലനിരപ്പ്. ഇത് പ്രശ്‌നമുള്ള ജലനിരപ്പല്ലെന്നും, വേണ്ട സമയത്ത് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ പദ്ധതികളുണ്ടെന്നും സത്യേന്ദര്‍ ജെയ്‌ൻ പറഞ്ഞു