ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 11 ദിവസം കൊണ്ട് കൊവിഡ് കേസുകൾ ഇരട്ടിക്കുകയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. നഗരത്തിലെ കണ്ടെയ്‌ൻമെന്‍റ് സോണുകൾ വർധിക്കുകയാണെന്നും നിരവധി ഡോക്‌ടർമാർ, നഴ്‌സുമാർ, പൊലീസ് ഉദ്യോഗസ്ഥര്‍, ബിഎസ്‌എഫ് ജവാൻമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ എല്ലാ ആശുപത്രികളോടും കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എല്ലാ റിപ്പോർട്ടുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി മെയ് 10ന് നഗരത്തിലെ ആശുപത്രികൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സർക്കാർ ഒരു അടിസ്ഥാന പ്രവര്‍ത്തനക്രമം പുറപ്പെടുവിച്ചിരുന്നു. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കാൻ ഡല്‍ഹി സർക്കാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെയിൻ പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും ഭക്ഷണവും താമസവും യാത്രയും സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംസ്ഥാനത്ത് 19 കൊവിഡ് മരണവും 422 കൊവിഡ് കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 9,755 ആയി ഉയര്‍ന്നു. 148 പേരാണ് ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. 4,202 പേര്‍ രോഗമുക്തരായി. 5,405 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.