ന്യൂഡല്‍ഹി; ഡല്‍ഹിയിലെ വായു ഗുണ നിലവാരം കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഏറ്റവും മോശം നിലയില്‍. കടുത്ത വായുമലിനീകരണത്തെ തുടർന്ന് ഇന്ന് രാവിലെ എട്ടുമണി മുതല്‍ ഡല്‍ഹിയില്‍ 'ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം' നടപ്പിലാക്കിത്തുടങ്ങി. രാത്രി എട്ടുമണി വരെ ഇത്തരത്തിലുള്ള നിയന്ത്രണം തുടരും.
ഇരട്ട അക്ക നമ്പറുകള്‍ വരുന്ന ദിവസങ്ങളില്‍ (ഉദാ: 2,4,6,8) ഒറ്റ അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ (ഉദാ: 1,3,5,7,9) നിരത്തിലോടുന്നത് തടയുന്ന നിയമമാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്കും നിയമം ബാധകമാകും. നവംബര്‍ 15വരെ ഇതു തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വായുമലിനീകരണത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
എല്ലായിടത്തും പുക നിറഞ്ഞിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ശ്വാസതടസം നേരിടുന്നുണ്ട്. അതോടൊപ്പം റോഡില്‍ വാഹനങ്ങള്‍ കാണാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി പി.കെ മിശ്ര ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എല്ലാ ദിവസവും വായുമലിനീകരണം നിരീക്ഷിക്കും. സഹിക്കാനാകാത്ത അവസ്ഥയിലാണ് ഡല്‍ഹിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും മലിനീകരണത്തോത് കഴിഞ്ഞ കുറേ ദിവസങ്ങളായി നിയന്ത്രാണാതീതമായി തുടരുകയാണ്.കടുത്ത വായുമലിനീകരണം കാരണം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. കൂടാതെ ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.