ന്യൂഡല്‍ഹി: ഡൽഹിയില്‍ വായു മലിനീകരണം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജൂൺ 29ന് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് ചൊവ്വാഴ്ച ആദ്യമായി 304ൽ എത്തി. ഞായറാഴ്ച 216 ഉം ശനിയാഴ്ച 221 ഉം ആയിരുന്നു. ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായു ഗുണനിലവാര സൂചിക അനുസരിച്ച് 0-50 വരെയുള്ളത് നല്ലതും, 51-100 വരെ തൃപ്തികരവും, 101-200 വരെ മിതമായതും, 201-300 വരെ മോശവും, 301-400 വരെ വളരെ മോശവും , 401-500 വരെ വളരെ രൂക്ഷവുമായാണ് കണക്കാക്കുന്നത്. താഴ്ന്ന താപനിലയും ശക്തിയേറിയ കാറ്റും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സഹായിക്കുമെന്നും ഇത് വായുവിന്‍റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2017 ൽ ദില്ലി-എൻസിആറിൽ ആദ്യമായി നടപ്പാക്കിയ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി ഒക്ടോബർ 15 മുതൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണത്തിനെതിരെ പോരാടുന്നതിനുള്ള കർശന നടപടികൾ പ്രാബല്യത്തിൽ വരും.