ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ ഡൽഹി കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഖാലിദിനെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദേവ് സരോഹയുടെ മുമ്പാകെ ഹാജരാക്കി. ഖാലിദിന് മതിയായ സുരക്ഷ നൽകണമെന്ന് ജയിൽ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജയിലിൽ ഖാലിദിന് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കോടതി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ജുഡീഷ്യൽ കസ്റ്റഡി കാലയളവിൽ ഖാലിദ് ജയിലിൽ മതിയായ സുരക്ഷ തേടിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ താൻ പ്രസ്താവനകളിലോ രേഖകളിലോ ഒപ്പിട്ടിട്ടില്ലെന്നും ഖാലിദ് കോടതിയെ അറിയിച്ചു. ഫെബ്രുവരിയിൽ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഒക്ടോബർ ഒന്നിന് അറസ്റ്റിലായ ഖലീദിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.