ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയുള്ള പരമാര്‍ശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരസ്യ പ്രസ്താവനയുമായി ഡൽഹി സര്‍വകലാശാലയിലെ അധ്യാപകര്‍. സർവ്വകലാശാലയിലെ 207 അധ്യാപകർ ഒപ്പുവെച്ച പ്രസ്താവനയിൽ മോദിയെ രൂക്ഷമായി വിമർശിച്ചു. ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാണിട്ടില്ലെന്നും പ്രസ്താവനയിൽ വിമര്‍ശനം.
''നിങ്ങളുടെ അച്ഛനെ സഹപ്രവർത്തകർ മിസ്റ്റർ ക്ലീൻ എന്ന് വിളിച്ചേക്കാം. പക്ഷേ അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത് ഭ്രഷ്ടാചാരി നം. 1 എന്ന ദുഷ്പേരോടെയാണ്'', എന്നായിരുന്നു ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്. ഈ പ്രസ്താവനക്കെതിരെയാണ് അധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ച ഒരാൾക്കെതിരെ ഇത്രയും അപമാനകരവും അസത്യവുമായ പരാമർശം നടത്തിയതിലൂടെ മോദി പ്രധാനമന്ത്രി പദത്തിന്‍റെ വില കളഞ്ഞുവെന്ന് അധ്യാപകരുടെ കുറിപ്പില്‍ പറയുന്നു.
ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (ഡി യു ടി എ ) മുൻ പ്രസിഡന്റ് ആദിത്യ നാരായൺ മിശ്ര, രണ്ട് ഡി.യു എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, മൂന്ന് അക്കാഡമിക് കൗൺസിൽ അംഗങ്ങൾ, ഡി യു ടി എ വൈസ് പ്രസിഡന്റ്, ജോയിന്‍റ് സെക്രട്ടറി എന്നിവരും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.