ന്യൂഡൽഹി: ഡൽഹി കലാപത്തിന് പിന്നിലെ ഗൂഡാലോചനക്കേസിലെ പ്രതിയായ ഷാർജീൽ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ ഇമാമിനെ ഗുവാഹത്തിയിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇമാമിന്‍റെ അഭിഭാഷകർ നൽകുന്ന വിവരമനുസരിച്ച് തിങ്കളാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗുവാഹത്തി സെൻട്രൽ ജയിലിൽ തിരക്ക് കൂടുതലാണെന്നും സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഇമാം പറഞ്ഞതായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ അറിയിച്ചു. തടവുകാരെ ജയിൽ പരിസരത്ത് തന്നെ ചികിത്സിക്കുമെന്ന് അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നതായും അതിനാൽ ജയിലിനോട് ചേർന്ന് താൽക്കാലിക ആശുപത്രി സ്ഥാപിച്ചതായും അഭിഭാഷകൻ പറഞ്ഞു.
ഡിസംബർ 13ന് പൗരത്വ ഭേദഗതി നിയമം (സിഎഎ), നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻആർസി) എന്നിവക്കെതിരെ ഇമാം പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. ശേഷം ജനുവരി 16 ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ വെച്ച് അസമിനെതിരെ ഉയർത്തിയ ഭീഷണിയെ തുടർന്ന് ഇയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയായിരുന്നു. ജൂലൈ 25 ന് കോടതിയിൽ ഹാജരാക്കേണ്ടിയിരുന്നതിനാൽ അദ്ദേഹത്തെ തിരികെ കൊണ്ടുപോകാൻ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലിലെ സംഘം വെള്ളിയാഴ്ച ഗുവാഹത്തിയിലെത്തിയിരുന്നു. പൊലീസ് സംഘത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവാണ്.