ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ തെരുവുയുദ്ധം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. ഭജൻപുര, മൗജ്‌പുര്‍ മേഖലകളിലാണ് കൂടുതല്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാലും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേർക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷം രൂക്ഷമായ വടക്കൻ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്‍ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് എട്ടു കമ്പനി സിആർപിഎഫിനെയും രണ്ടു കമ്പനി ദ്രുതകർമ്മ സേനയെയും നിയോഗിച്ചു. ഷാഹ്ദരാ ഡിസിപിക്കും പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ പൊലീസിന് നേരെ തോക്കു ചൂണ്ടിയ പ്രതിഷേധക്കാരില്‍ ഒരാളായ ഷാറൂഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രക്ഷോഭകര്‍ നിരവധി വീടുകൾക്ക് തീയിടുകയും വാഹനങ്ങള്‍ അഗ്‍നിക്കിരയാക്കുകയും ചെയ്‍തു. രണ്ട് കാറുകളും ഒരു ഓട്ടോറിക്ഷയും പൂര്‍ണമായി കത്തിനശിച്ചു. പെട്രോൾ പമ്പിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടർന്നു. നിരവധി കടകളും കല്ലേറിൽ തകർന്നു. മൗജ്‌പൂരിലെ സംഘര്‍ഷം ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് വന്‍ സംഘര്‍ഷമാണ് അരങ്ങേറുന്നത്. ഭജൻപുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
സംഘര്‍ഷം കണക്കിലെടുത്ത് ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ജൻപഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു. നേരത്തെ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നു. സംഭവത്തില്‍ വളരെ ദുഃഖകരമാണെന്ന് പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും സമാധാനവും ഐക്യവും നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. ഞായറാഴ്ച ബിജെപി നേതാവ് കപിൽ മിശ്ര മേഖലയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി നടത്തിയിരുന്നു. ഇതേത്തുടർന്ന് പ്രദേശം സംഘർഷഭരിതമായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനം നടക്കുന്നതിനാല്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.