ന്യൂഡല്‍ഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ അത്യാധുനിക ഡ്രോണുകളുടെ സേവനം ഉപയോഗിച്ച് ഡല്‍ഹി പൊലീസ്. ഉയർന്ന റെസല്യൂഷനുള്ള ക്യാമറ ഉൾപ്പെടെ നിരവധി സവിശേഷതകളുള്ള ഡ്രോണുകളാണ് ലോക്ക് ഡൗൺ മാര്‍ഗ നിര്‍ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡല്‍ഹി പൊലീസ് ഉപയോഗിക്കുന്നത്. ദക്ഷിണ ഡല്‍ഹി ജില്ലയില്‍ മൂന്ന് ഡ്രോണുകളാണ് പൊലീസ് വിന്യസിച്ചത്.
സാമൂഹ്യ അകലം പാലിക്കാനും വീടുകളില്‍ തുടരാനും മാസ്‌ക് ധരിക്കാനുമൊക്കെ ജനങ്ങളോട് നിര്‍ദേശിക്കാൻ തത്സമയ അറിയിപ്പ് സംവിധാനവും ഡ്രോണുകളില്‍ സജ്ജമാക്കയിട്ടുണ്ട്. രാത്രിയിലും വ്യക്തമായ ദൃശ്യങ്ങൾ എടുക്കാൻ സാധിക്കുന്ന ക്യാമറയാണ് ഇവയില്‍ ഘടിപ്പിച്ചിട്ടുള്ളത്. എട്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ പറക്കാനാവുന്ന ഡ്രോണുകളാണ് ഇതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.