ന്യൂഡല്‍ഹി: രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐഎസ്‌കെപി) തീവ്രവാദികളെ ഓഖ്‌ലയിലെ ജാമിയ നഗറില്‍ നിന്നും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിൽ നിന്നുള്ള ജഹാൻസായിബ് സമിയെയും ഭാര്യ ഹിന ബഷീർ ബീഗിനെയുമാണ് ഡല്‍ഹി സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ക്ക് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്നും രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് കമ്മീഷണർ (സ്‌പെഷ്യൽ സെൽ) പ്രമോദ് സിംഗ് കുശ്വാഹ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ മുതിർന്ന ഐഎസ്‌കെപി അംഗങ്ങളുമായും ഖുറാസൻ ആസ്ഥാനമായുള്ള ഹുസൈഫ ബാക്കിസ്ഥാനിയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളും രാജ്യവിരുദ്ധ രേഖകളും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു.
സിഎഎക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യൻ മുസ്ലിങ്ങളെ ഒന്നിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും സിഎഎയ്‌ക്കെതിരായ ആസൂത്രിത പ്രവർത്തനങ്ങൾക്കായി തോക്കുകളും വെടിക്കോപ്പുകളും ഒരുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സമി വെളിപ്പെടുത്തി. 2020 ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച ഐഎസ് മാസികയായ 'സാവത് അൽ ഹിന്ദ്' (വോയ്‌സ് ഓഫ് ഇന്ത്യ) പ്രചാരണത്തിൽ സജീവമായി പങ്കാളിയായിരുന്നുവെന്നും സമി പൊലീസിനോട് പറഞ്ഞു. തന്‍റെ അടുത്ത അനുയായികളിലൊരാളായ ഖത്താബ് ഐഎസ്‌ഐഎസുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റാരോപിതനായി നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന അബ്ദുല്ല ബസിത്ത് ആണെന്നും സമി വെളിപ്പെടുത്തി. അതേസമയം, ഭാര്യ ഹിന കാറ്റിജ അൽ കശ്മീരി ഹന്നാബി എന്ന പേരിൽ സമൂഹ മാധ്യമങ്ങളില്‍ ഐഎസ് അനൂകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സമി പറഞ്ഞു.