ന്യൂഡൽഹി: സിവിക് സെന്‍ററിൽ പ്രതിഷേധിച്ച ആം ആദ്‌മി പാർട്ടി എംഎൽഎമാർ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേസ്. അണുനശീകരണ പ്രവൃത്തിക്കുള്ള പദ്ധതി സ്വകാര്യവത്കരണം നടത്തുന്നത് സംബന്ധിച്ച എതിർപ്പാണ് പ്രതിഷേധത്തിലൂടെ ആം ആദ്‌മി അറിയിച്ചത്.
കോണ്ട്‌ലി എംഎൽഎ കുൽദീപ് മോനു, ഷാലിമാർ ബാഗ് എംഎൽഎ വന്ദന കുമാരി, മോഡൽ ടൗൺ എംഎൽഎ അഖിലേഷ് ത്രിപാഠി, ത്രിലോക്‌പുരി എംഎൽഎ രോഹിത് മഹ്‌ലിയാൻ എന്നിവർ പ്രതിഷേധത്തിൽ പങ്കാളികളായിരുന്നു.
ആം ആദ്‌മി പാർട്ടി നേതാവ് ദുർഗേഷ് പതക്കിന്‍റെ നേതൃത്വത്തിൽ സിവിക് സെന്‍ററിന് പുറത്ത് 1,500ഓളം പ്രവർത്തകരാണ് പ്രതിഷേധത്തിനെത്തിയത്. അനുമതി കൂടാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും സാമൂഹിക അകലം പാലിക്കുകയോ പലരും മുഖാവരണം ധിരിക്കുകയോ ചെയ്‌തിരുന്നില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ എസിപി കമല ഉൾപ്പെടെ ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.