ന്യൂഡൽഹി: മണ്ഡോലി ജയിൽ അന്തേവാസിയായിരുന്ന 62കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് 28 തടവുകാർ നിരീക്ഷണത്തിലാണ്. ജയിലിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്. ജൂൺ 15നാണ് തടവുകാരനായ കൻവാർ സിംഗ് മരിച്ചത്. ശനിയാഴ്ച പരിശോധന ഫലം ലഭിച്ചപ്പോഴാണ് കൊവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തിയത്.
2016 ൽ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു സിംഗ്. മണ്ഡോലിയിലെ സെൻട്രൽ ജയിൽ നമ്പർ -14 ൽ ആയിരുന്നു സിംഗിനെ പാർപ്പിച്ചിരുന്നത്. ജൂൺ 15 ന് രാവിലെ മറ്റ് തടവുകാർ സിംഗിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും സിംഗ് പ്രതികരിച്ചില്ല. വൈകാതെ ജയിൽ അധികൃതർ ആശുപത്രിയിലേക്ക് സിംഗിനെ കൊണ്ടുപോയി. എന്നാൽ സിംഗിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.
തിഹാർ, രോഹിണി, മണ്ഡോലി എന്നിവയാണ് ഡൽഹി ജയിലുകൾ. ഇവിടെ ആകെ 23 തടവുകാർക്ക് ഇതുവരെ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 16 പേർ ഇതിനോടകം രോഗമുക്തി നേടി. ഒരാൾക്ക് ജീവഹാനി സംഭവിച്ചു. അതേസമയം 45 ജയിൽ ഉദ്യോഗസ്ഥർക്ക് ഇതുവരെ കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇതിൽ ഏഴ് പേർക്ക് സുഖം പ്രാപിച്ചു.