ന്യൂഡൽഹി: ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്ന കുടിയേറ്റ ദിവസ വേതന തൊഴിലാളികൾക്ക് അരിയും ധാന്യങ്ങളും വിതരണം ചെയ്ത് ഡൽഹി സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (ഡിഎസ്‌എൽഎസ്‌എ). നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ (എൻഎഎൽഎസ്എ) ഉത്തരവ് പ്രകാരമാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഡിഎസ്‌എൽഎസ്‌എ സെക്രട്ടറി കൻവ ജീത് അറോറയും സംഘവും രോഹിണി, കീർത്തി നഗർ എന്നിവിടങ്ങളിലാണ് അരി, പയർവർഗ്ഗങ്ങൾ എന്നിവ വിതരണം ചെയ്യുന്നത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അവശ്യ സാധനങ്ങളുടെ വിതരണം നടത്തുന്നതെന്ന് അറോറ പറഞ്ഞു. ജനങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്ന നിരവധി സംഘടനകളും വ്യക്തികളും ഉണ്ടെന്നും ഇവരിലൂടെയാണ് അവശ്യ വസ്തുക്കൾ വിതരണം നടത്തുന്നതെന്നും അറോറ വ്യക്തമാക്കി.
ലോക് ഡൗണിൽ ആളുകൾ കഷ്ടത അനുഭവിക്കുന്നതായി അറിയാമെന്നും അതിനാലാണ് ഇത്തരം നീക്കമെന്നും ഡിഎസ്‌എൽഎസ്‌എ അഡീഷണൽ സെക്രട്ടറി നമ്രത അഗർവാൾ പറഞ്ഞു.