ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികളിലെ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം നവംബർ പതിനഞ്ചിലേക്ക് മാറ്റിയത്. ഡല്‍ഹി ബാർ അസോസിയേഷൻ പ്രവര്‍ത്തകര്‍ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് വാദം മാറ്റിവച്ചത്. തിസ് ഹസാരി കോടതിയിലെ അഭിഭാഷക-പൊലീസ് സംഘർഷത്തിൽ പരിക്കേറ്റ അഭിഭാഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് അഭിഭാഷകര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
മൂന്ന് മാസത്തിനുള്ളിൽ ഏകീകൃത സിവില്‍ നിയമത്തിന് ഘടനയുണ്ടാക്കാനും കൂടുതൽ പൊതു ചർച്ചകൾക്കും സംവാദങ്ങൾക്കുമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നുള്ള നാല് ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ഇതേ വിഷയത്തില്‍ വാദിയായി തങ്ങളേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വർഷം മെയ് മാസത്തിൽ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തോടും നിയമ കമ്മീഷനോടും ആവശ്യപ്പെട്ടിരുന്നു. തത്പര കക്ഷികളില്‍ നിന്നും മതസംഘടനകളില്‍ നിന്നും അഭിപ്രായം തേടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.