ന്യൂഡല്‍ഹി: സ്വദേശത്തേക്ക് മടങ്ങാനുറച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ 11 സ്‌കൂളുകളിലായാണ് ഇവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം ഏര്‍പ്പാടാക്കിയത്. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് ഡല്‍ഹിയിലുള്ളത്. ഡല്‍ഹിയിലെ 568 സ്‌കൂളുകള്‍ വഴിയും 238 അഭയ കേന്ദ്രങ്ങള്‍ വഴിയും തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള കുടിയേറ്റ തൊഴിലാളികളുടെ സഞ്ചാരത്തിന് സര്‍ക്കാര്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിലവില്‍ താമസത്തിനായി 238 കേന്ദ്രങ്ങള്‍ ഡല്‍ഹിയിലുണ്ട്. അതിന് പുറമേയാണ് സ്‌കൂള്‍ ക്ലാസ്‌മുറികള്‍ കൂടി താമസത്തിനായി സര്‍ക്കാര്‍ വിട്ടു നല്‍കിയിരിക്കുന്നത്. ക്ലാസ്‌മുറികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി സ്‌കൂള്‍ പ്രധാന അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. ഡല്‍ഹിയില്‍ ഇതുവരെ 97 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.