ന്യൂഡൽഹി: രാജ്യ തലസ്ഥാന നഗരിയിൽ കൊവിഡ് ചികിത്സക്കായി ഒരു ആശുപത്രി കൂടി. ഗുരു ടെഗ് ബഹദൂർ (ജിടിബി) ആശുപത്രിയെയാണ് വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക ആശുപത്രിയായി ഡൽഹി സർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ, കൊവിഡ് ചികിത്സക്കായി ഡൽഹിയിൽ അഞ്ച് ആശുപത്രികളാണ് ഉള്ളത്. 2000 കിടക്കകളുള്ള ലോക് നായക് ഹോസ്‌പിറ്റൽ, 500 കിടക്കകളുള്ള രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ, 200 പേരെ വീതം കിടത്തി ചികിത്സിക്കാൻ കഴിയുന്ന ദീപ് ചന്ദ് ബന്ദു ഹോസ്‌പിറ്റൽ, സത്യവാടി രാജ ഹരീഷ് ചന്ദർ ഹോസ്‌പിറ്റൽ എന്നിവയാണ് മറ്റ് നാല് കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ. കൊറോണ വൈറസ് ചികിത്സക്കായി പുതുതായി സജ്ജീകരിക്കുന്ന ജിടിബി ആശുപത്രിയിൽ 500 കിടക്കകളോട് കൂടിയ സൗകര്യമാണ് ഒരുക്കുന്നത്. ഇത് അടുത്ത മാസം രണ്ടാം തിയതിയോടെ കൊവിഡ് ആശുപത്രിയാക്കി മാറ്റണമെന്നാണ് ഗുരു ടെഗ് ബഹാദൂർ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 7,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വൈറസ് കേസുകളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വർധനവാണ്. രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,73,763 ആണ്. കൂടാതെ 265 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയിലെ മൊത്തം മരണസംഖ്യ 4,971 ആയി വർധിച്ചിട്ടുണ്ട്. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് മഹാരാഷ്‌ട്രയില്‍ ആണ്. ഇവിടെ 62,228 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 20,246 പോസിറ്റീവ് കേസുകളും ഡല്‍ഹിയില്‍ 17,386 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഗുജറാത്തില്‍ 15,934 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.