ന്യൂഡൽഹി: രോഹിണിയിലെ സ്വകാര്യ ആശുപത്രിയിൽ കടുത്ത പനിയെ തുടർന്ന് പ്രവേശിപ്പിച്ച 11കാരൻ മരിച്ചതിന് പിന്നിൽ അധികൃതരുടെ ചികിത്സ പിഴവാണെന്ന് കുടുംബം. ജൂലൈ ഏഴിനാണ് കുട്ടി മരിച്ചത്. വൈറസ് ഭയം മൂലം കുട്ടിക്ക് ശരിയായ ചികിത്സ ഡോക്ടർമാർ നൽകിയില്ലെന്നാണ് പിതാവ് വിനോദിന്റെ ആരോപണം. പ്രാദേശിക ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് പനി ബാധിച്ച മനീഷ് എന്ന 11കാരനെ രോഹിണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ രോഹിണിയിലെ അംബേദ്കർ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടുവെന്നും വിനോദ് പറയുന്നു. കൂടാതെ കൊവിഡ് പരിശോധന ഫലം വരാതെ മനീഷിനെ ചികിത്സിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ദിവസ വേതനക്കാരനായ വിനോദ് ജൂലൈ അഞ്ച് മുതൽ മകനെ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടു. പരിശോധന ഫലം വരാൻ കാത്തിരുന്നപ്പോഴേക്കും മനീഷിന്റെ ആരോഗ്യനില വഷളായി. ജൂലൈ ഏഴിന് ഫലം നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് ലഭിച്ചു. പിന്നാലെ മനീഷ് മരണത്തിന് കീഴടങ്ങി.
മെഡിക്കൽ സ്റ്റാഫുകളുടെയും ഡോക്ടർമാരുടെയും അശ്രദ്ധമൂലമാണ് മകൻ മരിച്ചതെന്ന് വിനോദ് ആരോപിച്ചു. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആശുപത്രി ഭരണകൂടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.