ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഇറാനിയന്‍ സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയം. ഇന്ത്യ മൊസാദിന്‍റെ സഹായം തേടി. പ്രദേശത്ത് നിന്ന് ഡല്‍ഹി പൊലീസ് ഒരു കത്ത് കണ്ടെടുത്തു. ഇസ്രായേല്‍ അംബാസിഡറിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണ് കത്ത്. 'ഇപ്പോള്‍ നടന്ന സ്ഫോടനം ഒരു ട്രെയിലര്‍ മാത്രമാണെന്നാണ്' കത്തില്‍ എഴുതിയിരുന്നതെന്ന് അന്വേഷണ സംഘം. ഒപ്പം ഇറാനില്‍ മരിച്ച രണ്ട പ്രമുഖ വ്യക്തികളുടെ പേരുകളും കത്തില്‍ എഴുതിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് നിന്നുള്ള കഴിഞ്ഞ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ക്യാബില്‍ എത്തിയ രണ്ട് യുവാക്കളാണ് ബോംബ് വെച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ക്യാബ് ഡ്രൈവറെയും പൊലീസ് ചെയ്‌ത് വരികയാണ്. ക്യാബ് ഡ്രൈവറുടെ സഹായത്തോടെ യുവാക്കളുടെ രേഖചിത്രം വരക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കൂടുതല്‍ വായിക്കാന്‍: ഡൽഹിയിൽ സ്ഫോടനം
എംബസിക്കടുത്ത് നിർത്തിയിട്ട കാറുകൾക്ക് സമീപത്താണ് വെള്ളിയാഴ്ച സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ആളാപായമില്ല. ഡല്‍ഹി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു.