തലസ്ഥാന നഗരി തത്വത്തിൽ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോൾ അന്തരീക്ഷ നിലയില്‍ നേരിയ പുരോഗതി വന്നിട്ടുണ്ട്. വായുനിലവാരസൂചികയിൽ ചൊവ്വാഴ്ച രാവിലെ 365 രേഖപ്പെടുത്തിയത് വൈകീട്ട് 331 ആയി കുറഞ്ഞു.
വിഷമയമായ വായു, ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിലെ പതിവ് സംഭവമായി മാറിയിരിക്കുകയാണിത്. ഇത്തവണ വായു മലിനീകരണത്തിന്‍റെ തോത് ഉയർന്നിരിക്കുകയാണെന്നതാണ് വാസ്തവം. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിലെ മഴയെ തുടർന്ന് വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ ദീപാവലി ദിനത്തിൽ ഉയർന്ന പുക വടക്കേ ഇന്ത്യയെ മുഴുവനായും ശ്വാസം മുട്ടിച്ചു. പുകമഞ്ഞ് രൂക്ഷമായതിനാൽ കെജരിവാൾ സർക്കാർ ഡൽഹിയിൽ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവംബർ അഞ്ച് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും കെട്ടിടനിർമ്മാണങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. ഇത്തരം നടപടികൾ പ്രശ്നത്തിന്‍റെ വ്യാപ്തിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എയർ ക്വാളിറ്റി സൂചിക പ്രകാരം, 400 മുതൽ 500 വരെ അളവ് രേഖപ്പെടുത്തുന്നത് വളരെ ഭീകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഡൽഹിയിലെ പല മേഖലകളിലും 500ന് മുകളിലാണ് എയർ ക്വാളിറ്റി സൂചിക. ഇതിനാൽ നിരവധി വിമാന സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗുരുഗ്രാം, നോയിഡ, ഫാരിദാബാദ്, ഗാസിയബാദ് തുടങ്ങി ഡൽഹിയുടെ പരിസര പ്രദേശങ്ങളിൽ പോലുമുള്ള ആളുകൾക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ കച്ചി കത്തിക്കുന്നത് ദേശീയ ഹരിത ട്രിബ്യൂണൽ നാല് വർഷം മുമ്പ് നിരോധിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ 1,100 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഒരു ടൺ കച്ചി കത്തിക്കുമ്പോൾ 60 കിലോ കാർബൻ മോണോക്സൈഡ്, 1400 കിലോ ഹരിതക വാതകം, മൂന്ന് കിലോ സൾഫർ ഡയോക്സൈഡ് എന്നിവയാണ് പുറന്തള്ളപ്പെടുന്നത്. വിഷവാതകം പുറന്തള്ളുന്നതിന് പുറമേ ആയിരകണക്കിന് ഉപയോഗപ്രദമായ കീടാണുക്കളെയാണ് ഈ പ്രക്രിയ ഇല്ലാതാക്കുന്നത്. ഭൂമിയുടെ ജലാംശവും നഷ്ടമാകുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഹരിയാന, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കരിമ്പ്, അരി എന്നിവയുടെ കൃഷിക്ക് പകരം ചോള കൃഷി ചെയ്താൽ പ്രശ്നം ഒരു പരിതി വരെ കുറയ്ക്കാനാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
വായു മലിനീകരണം ഡൽഹി പഞ്ചാബ് മുതലായ സ്ഥലങ്ങളിൽ മാത്രമല്ല വെല്ലുവിളിയാകുന്നത്. ഇന്ത്യയിലെ മൂന്നിൽ രണ്ട് നഗരങ്ങളും വായു മലിനീകരണ്ത്തിന്‍റെ പിടിയിലാണ്. എയർ ക്വാളിറ്റി സൂചികയുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 180 ആണ്. ദേശീയതലത്തിൽ സംഭവിക്കുന്ന എട്ട് മരണങ്ങളിൽ ഒന്ന് വായു മലിനീകരണം മൂലമാണ്. വ്യാവസായിക മലിനീകരണത്തിനെതിരെ കടുത്ത നടപടികൾ കൈകൊണ്ടതിനാൽ മലിനീകരണം മൂലമുള്ള മരണങ്ങൾ ചൈനയിൽ കുറഞ്ഞ് വരുന്നുണ്ട്. അതെസമയം, വായുമലിനീകരണം മൂലം ഇന്ത്യയിൽ മരിക്കുന്നവരുടെ തോത് 23 ശതമാനം ഉയന്നിട്ടുണ്ട്. ഉയർന്ന മലിനീകരണത്താലുണ്ടാകുന്ന ഹൃദയ- ശ്വാസകോശ രോഗങ്ങളെ കുറിച്ച് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷമയമായ അന്തരീക്ഷം ഒരു വ്യക്തിയുടെ ആയുർദൈർഖ്യം ഏഴ് വർഷം കുറയ്ക്കുന്നുവെന്ന് ഷിക്കാഗോ സർവ്വകലാശാല നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ചെറു പട്ടണങ്ങളായ കുർനൂൽ വാരങ്ങൽ എന്നിവിടങ്ങളിൽ പോലും നിക്കൽ ആഴ്സെനിക്ക് എന്നിവയുടെ അളവ് കൂടുതലാണ്. വായു മലിനീകരണം 66 കോടി ഇന്ത്യക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു.
ഓസ്ട്രേലിയ, കാനഡ, ബാർബഡോസ് മുതലായ രാജ്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്യക സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലെങ്കിലും ഇന്ത്യ തന്‍റെ പുസ്തകത്താളിൽ പരിസ്ഥിതി സംരക്ഷണത്തിനായി നിയമങ്ങൾ ചിട്ടയായി മെനയുകയും നടപ്പാക്കുകയും വേണം. സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ പ്രതിരോധിക്കാൻ കഴിയൂ.