കർണാടക: ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അയോഗ്യരാക്കിയ എംഎല്‍എമാർക്ക് എതിരെ സിദ്ധരാമയ്യ. അയോഗ്യരായ എല്ലാ എംഎല്‍എമാരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക എന്നതാണ് അജണ്ടയെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജെഡി(എസ്) ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നത് ഈ സമയത്ത് സംസാരിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂരിപക്ഷ സംഖ്യയായ 113 എത്താൻ അവർക്ക് കുറഞ്ഞത് എട്ട് സീറ്റെങ്കിലും ജയിക്കണം. എച്ച്.ഡി കുമാരസ്വാമി തന്‍റെ പാർട്ടിയെ പിന്തുണച്ചോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും മുൻ കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിമത വിരുദ്ധ നിയമപ്രകാരം 17 വിമത കോൺഗ്രസ്-ജെഡി(എസ്) എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള കര്‍ണാടക മുന്‍ സ്‌പീക്കര്‍ കെ.ആർ രമേശ് കുമാറിന്‍റെ തീരുമാനം ഈ മാസം ആദ്യം സുപ്രീംകോടതി ശരിവച്ചിരുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇവർക്ക് മത്സരിക്കാനും അനുമതി നല്‍കിയിരുന്നു.
നിലവിലെ നിയമസഭയുടെ കാലാവധി 2023 ൽ അവസാനിക്കുമ്പോള്‍ നടക്കുന്ന വോട്ടെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിമത നിയമസഭാംഗങ്ങളെ വിലക്കിയതോടെയാണ് തർക്കും രൂക്ഷമായത്. കോൺഗ്രസ്-ജെഡി(എസ്) സഖ്യ സർക്കാരിന്‍റെ അന്ത്യം കുറിച്ച ഈ നടപടി സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാൻ ബിജെപിക്ക് വഴിയൊരുക്കി.
അയോഗ്യരായ എംഎൽഎമാർ അയോഗ്യതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്പീക്കർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്ന വിലക്കും മാറ്റണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്.