ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള്‍ പരാമര്‍ശത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 5,000 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് ഡല്‍ഹി കോടതി. കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിശാല്‍ പഹുജ പിഴ ചുമത്തിയത്.
തരൂര്‍ കോടിക്കണക്കിന് ശിവ ഭക്തരുടെ വികാരത്തെ പൂര്‍ണമായും അവഗണിച്ചെന്നും ഇന്ത്യയിലും രാജ്യത്തിന് പുറത്തുമുള്ള എല്ലാ ശിവഭക്തരുടേയും വികാരത്തെ വ്രണപ്പെടുത്തുന്ന പ്രസ്താവനയാണ് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
പരാതിക്കാരന്‍റെ മതവികാരം വ്രണപ്പെട്ടു. ദശ ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് അഭിഭാഷകന്‍ നീരജും പരാതി നല്‍കി.
മാനനഷ്ടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പീനൽ കോഡിലെ 499, 500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. 2018ല്‍ ബാംഗ്ലൂര്‍ സാഹിത്യോത്സവത്തിലായിരുന്നു തരൂര്‍ പരാമര്‍ശം നടത്തിയത്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു പരാമര്‍ശം. 2019ല്‍ കേസ് പരിഗണിക്കുന്ന സമയത്ത് തരൂര്‍ ഹാജരാവുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.