ന്യൂഡൽഹി: കരിപ്പൂരിൽ നടന്ന വിമാനപകടത്തിൽ നിരവധി രാജ്യങ്ങൾ അനുശോചിട്ടുണ്ടെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ. പ്രയാസകരമായ സമയത്തുള്ള ഇത്തരം പിന്തുണകൾ കരുത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, മലേഷ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സംഭവത്തിൽ അനുശോചിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ വിമാനം കനത്ത മഴയെ തുടർന്ന് റൺവേയിൽ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേർ മരിച്ചു. 190 യാത്രക്കാരുമായാണ് വിമാനം ദുബൈയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.