മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന്‍റെ മാനേജർ കരിഷ്മ പ്രകാശിന്‍റെ വസതിയിൽ എൻസിബി നടത്തിയ റെയ്ഡിൽ ഹാഷിഷ് പിടിച്ചെടുത്തു. വെർസോവ പ്രദേശത്തെ പ്രകാശിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിലാണ് 1.8 ഗ്രാം ഹാഷിഷ് കണ്ടെടുത്തതെന്ന് എൻസിബി അധികൃതർ പറഞ്ഞു.
അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളുടെ ചോദ്യം ചെയ്യലിൽ കരിഷ്മ പ്രകാശിന്‍റെ പേര് പരാമർശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കരിഷ്മയെ കഴിഞ്ഞ മാസം എൻസിബി ചോദ്യം ചെയ്തിരുന്നു. ദീപിക, നടിമാരായ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പ്രസ്താവനകളും എൻസിബി കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു.
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്‍റെ ഭാഗമായി കേന്ദ്ര ഏജൻസി ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തി ഇപ്പോൾ ജാമ്യത്തിലാണ്.