ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍. ചൊവ്വാഴ്‌ച രാത്രിയോടെ കോളജിലെത്തിയ താരം വിദ്യാര്‍ഥികളുമായി സംസാരിച്ചു. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചരണാര്‍ഥം ഡല്‍ഹിയിലെത്തിയപ്പോഴാണ് ദീപിക ജവര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കോളജിലെത്തിയത്.
കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകള്‍ കോളജില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ ആക്രമിച്ചിരുന്നു. സംഭവത്തില്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റിനടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും, അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
എന്നാല്‍ ആക്രമണത്തിനിരയായ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷടക്കം 19 പേര്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ക്യാമ്പസില്‍ അതിക്രമിച്ച് കയറി സുരക്ഷ ഉദ്യോഗസ്ഥരെയും സര്‍വര്‍റൂമും തല്ലിതകര്‍ത്തെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപികാ പദുക്കോണിന്‍റെ കോളജ് സന്ദര്‍ശനം.