ജോധ്പൂര്‍: വർഷങ്ങൾക്ക് മുൻപ് ലിംഗ മാറ്റം എന്നത് നമ്മുടെ സമൂഹത്തിന് ചിന്തിക്കാൻ കഴിയുന്ന കാര്യം ആയിരുന്നില്ല. എന്നാല്‍ ഇന്ന് അതിന് മാറ്റം വന്നു. ജനങ്ങൾ ലിംഗമാറ്റത്തെ കുറിച്ച് തുറന്ന് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ശരീരത്തെ സംബന്ധിച്ച് അസ്വസ്ഥതകള്‍ അനുഭവിക്കുന്ന ഒരു പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീക്ക് ലിംഗ മാറ്റം നടത്തുക എന്നുള്ളത് ഇന്ന് വളരെ എളുപ്പമുള്ള ഒരു കാര്യമാണ്.
ലിംഗ മാറ്റത്തെ ബഹുമാന്യതയോടെ കാണാൻ സമൂഹം കൂട്ടാക്കാതിരുന്ന കാലത്ത് പലരും മാനസികവും ശാരീരികവുമായ പീഡനം ഏറ്റു വാങ്ങിയിരുന്നു.
എന്നാല്‍ കാലം കടന്നു പോയതോടെ സമൂഹത്തിന്‍റെ സമീപനം മാറി തുടങ്ങി. ഇന്ന് സമൂഹം അതിനെ ഒരു പാപമായി കരുതുന്നില്ല. ഭിന്ന ലൈംഗികത സ്വത്വ പ്രശ്‌നമായാണ് ഇന്ന് ലിംഗ മാറ്റത്തെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് ജോധ്പൂരിലും അത്തരം ഒരു സംഭവം ചര്‍ച്ചയായി. നര്‍ത്തകനായ ദീപക് മാര്‍വാഡി ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ദീപിക എന്ന പുതിയ സ്വത്വം പ്രാപിച്ചു.
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ദീപിക ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. പുതിയ സ്വത്വം കൈവരിച്ചതോടെ ദീപിക ഇന്ന് വളരെ സന്തോഷവതിയാണ്. കുട്ടിക്കാലത്ത് പെണ്‍കുട്ടികളെ പോലെ വസ്ത്രം ധരിച്ച് നൃത്തം ചെയ്യാനായിരുന്നു ദീപകിന് താല്‍പര്യം. മാത്രമല്ല, പെണ്‍കുട്ടികളുമൊത്ത് ഇടപഴകാനും അവനിഷ്ടമായിരുന്നു. അതേസമയം, ആണ്‍കുട്ടികളോടൊപ്പം ഇടപഴകുന്നതില്‍ അവന്‍ ഏറെ അസ്വസ്ഥനുമായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി ജോധ്പൂര്‍ നഗരത്തിലും പരിസരങ്ങളിലുമായി മാര്‍വാഡി നാടോടി സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുകയായിരുന്നു ദീപക്. ഇപ്പോള്‍ ദീപികയായി മാറിയതോടെ ബോളിവുഡില്‍ പേരു കേട്ട നര്‍ത്തകിയായി മാറാനാണ് അവള്‍ ആഗ്രഹിക്കുന്നത്. അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമായി എന്ന് ദീപിക പറയുന്നു. വിവിധ പരിപാടികളില്‍ നൃത്തം അവതരിപ്പിച്ചു കൊണ്ടാണ് ദീപിക തന്‍റെ കുടുംബത്തെ അതിനു ശേഷം മുന്നോട്ട് കൊണ്ടു പോയത്. ഈ തൊഴില്‍ ഏറെ ഇഷ്ടപ്പെട്ട അവള്‍ നൃത്തത്തോട് അടങ്ങാത്ത അഭിനിവേശമുള്ളവളായി മാറി.
തന്‍റെ തീരുമാനത്തെ കുടുംബം പൂര്‍ണ്ണമായും പിന്തുണച്ചു എന്ന് ദീപിക സമ്മതിക്കുന്നു. അവള്‍ എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ അതിനെല്ലാം തന്നെയുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അവളുടെ കുടുംബം അവള്‍ക്ക് നല്‍കിയിരുന്നു. ലിംഗ മാറ്റം ചെയ്യാനുള്ള തീരുമാനം എടുത്തപ്പോഴും കുടുംബം ആ തീരുമാനത്തെ പിന്തുണച്ചു.
തെറ്റായ ഒരു ശരീരത്തിലേക്ക് പിറന്നു വീണു എന്ന് കരുതുന്ന ദീപികയുടെ കഥയാണിത്. ലിംഗ മാറ്റത്തിന് വിധേയമാകുക എന്ന ധീരമായ തീരുമാനം അവള്‍ എടുത്തു. എന്നാല്‍ സമൂഹത്തില്‍ ഏറെ ബുദ്ധിമുട്ടുള്ളതും കൃത്രിമവുമായ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒട്ടേറെ ദീപക്കുമാരും ദീപികമാരും ഇന്നുണ്ട്. ഈ പ്രശ്‌നത്തോട് സമൂഹത്തിലെ ജനങ്ങള്‍ വിവേകത്തോടെ സമീപിക്കുവാന്‍ തുടങ്ങിയാല്‍ അത്തരത്തില്‍ ഉള്ള നിരവധി പേര്‍ക്ക് ലിംഗ മാറ്റത്തിനു വിധേയമായി സന്തുഷ്ടമായ ജീവിതം നയിക്കുവാന്‍ കഴിയും.