ഹൈദരാബാദ്: പ്ലാസ്റ്റിക്ക് വിമുക്ത നഗരമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പദ്ധതികളുമായി ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ. വഴിയോര കച്ചവടക്കാർക്ക് റീസൈക്കിൾ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് സ്റ്റാളുകൾ നിർമിച്ചാണ് ഹൈദരാബാദിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടങ്ങളിലൊന്ന്. പുനരുപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകൾക്കൊണ്ട് സ്റ്റാളുകൾ നിർമിക്കാനാണ് പദ്ധതി. 55 സ്റ്റാളുകളാണ് ഹൈടെക് സിറ്റിക്ക് സമീപം ശിൽപാരാമത്ത് തയ്യാറാകുന്നത്. ഇന്ത്യയിൽ ആദ്യമായാണ് റസ്റ്റോറൻ്റുകൾക്ക് മാത്രം ലഭിക്കുന്ന എഫ്എസ്എസ്എഐ സർട്ടിഫിക്കറ്റ് വഴിയോര കച്ചവടക്കാർക്ക് അനുവദിക്കുന്നതെന്ന് ജിഎച്ച്എംസി മേഖലാ കമ്മീഷണർ ഹരി ചന്ദന ദസാരി അറിയിച്ചു.
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 40 ടൺ റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിച്ച് സ്റ്റാളുകൾ നിർമിക്കുന്നത്. ഓരു സ്റ്റാൾ നിർമാണത്തിനായി രണ്ടായിരത്തോളം റീസൈക്കിൾ കുപ്പികളാണ് ഉപയോഗിക്കുന്നത്. 800 മീറ്ററിനുള്ളിൽ സ്ഥാപിക്കുന്ന ഓരോ സ്റ്റാളുകൾക്കും 90,000 രൂപയാണ് ചെലവഴിക്കുന്നത്. ഭക്ഷ്യ സുരക്ഷാ നടപടികളെക്കുറിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനെക്കുറിച്ചും സ്റ്റാൾ ഉടമകൾക്ക് നാലുമാസത്തേക്ക് തീവ്ര പരിശീലനം നൽകുമെന്നും ഹരി ചന്ദന ദസാരി കൂട്ടിച്ചേർത്തു.
10-15 ദിവസത്തിനുള്ളിൽ സോൺ പ്രവർത്തനക്ഷമമാക്കുകയാണ് ജിഎച്ച്എംസി ലക്ഷ്യമിടുന്നത്. ഹൈദരാബാദിനെ യഥാർത്ഥ സുസ്ഥിര നഗരമായി സ്ഥാപിക്കാൻ ഈ സംരംഭം സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.