ന്യൂഡല്‍ഹി: ലോകമെങ്ങും ലൈംഗിക തൊഴിലാളികള്‍ പലകാരണങ്ങൾ കൊണ്ട് അതിക്രമങ്ങൾക്കിരയാകുന്നുണ്ട്. ലൈംഗിക തൊഴിലാളികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് ഡിസംബര്‍ 17 അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്. അമേരിക്കയിലെ ലൈംഗിക തൊഴിലാളി സംഘടനയായ ഔട്ട് റീച്ച് പ്രൊജക്ട് എന്ന സംഘടനയും ലൈംഗികത്തൊഴിലാളിയും സെക്സോളജിസ്റ്റുമായ ആനി സ്പ്രിങ്കിള്‍ ആണ് ആദ്യമായി ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. 2003ല്‍ അമേരിക്ക കണ്ട ഏറ്റവും കൊടും കുറ്റവാളിയും ഗ്രീന്‍ റിവര്‍ കില്ലര്‍ എന്നറിയപ്പെടുന്ന ഗാരി റഡ്‌ഗെ കൊലപ്പെടുത്തിയവരുടെ ഓർമ്മയ്ക്കായാണ് ഈ ദിനം തെരഞ്ഞെടുത്തത്. ആദ്യം അമേരിക്കയില്‍ മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി ഈ ദിനം ആഗോളതലത്തിലേക്ക് എത്തി.
ഇന്ത്യയിൽ ഏകദേശം നാല് ദശലക്ഷം സ്ത്രീ ലൈംഗികത്തൊഴിലാളികളാണുള്ളത്. 12 ദശലക്ഷം കുടുംബങ്ങളാണ് ഇവരെ ആശ്രയിച്ച് ജീവിക്കുന്നത്. ലൈംഗികത്തൊഴില്‍ ഇന്ത്യയില്‍ നിയമപരമായി തെറ്റല്ല എങ്കിലും ഈ ജോലി ചെയ്യുന്ന സ്ത്രീകളെ കുറ്റവാളികളായാണ് കണക്കാക്കുന്നത്. ഇതിന് പരിശീലനം നല്‍കുന്നത് നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ നിയമത്തിന്‍റെ അനന്തര ഫലങ്ങള്‍ പരിഹരിക്കരിക്കപ്പെടേണ്ടതാണ്.
ലൈംഗികത്തൊഴിലാളികൾക്കെതിരായ അക്രമം
സ്ത്രീ, പുരുഷ, ട്രാൻസ്‌ജെൻഡർ ലൈംഗികത്തൊഴിലാളികൾക്ക് നേരെയുള്ള അതിക്രമം, വിവേചനം, മനുഷ്യാവകാശ ലംഘനം എന്നിവ തുടര്‍ക്കഥകളാണ്. ലോകാരോഗ്യ സംഘടന അക്രമത്തെ ഇങ്ങനെ നിര്‍വചിക്കുന്നു, ഒരുവനെ ശാരീരികമായോ മാനസികമായോ മനപ്പൂര്‍വം ഉപദ്രവിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ഇത് വ്യക്തികള്‍ക്കോ ഒരു കൂട്ടം ആളുകള്‍ക്കെതിരെയോ സമൂഹത്തിനെതിരെയോ പരിക്കേല്‍പ്പിക്കുകയും തുടര്‍ന്നുണ്ടാകുന്ന മരണവും അക്രമമായി കണക്കാക്കും. ഒരു വ്യക്തിക്കോ സമൂഹത്തിനോ ഉള്ള സ്വാതന്ത്ര്യം ഹനിക്കുന്നതും അക്രമമായാണ് കണക്കാക്കപ്പെടുന്നത്. യുഎന്‍ പറയുന്ന പ്രകാരം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അക്രമങ്ങള്‍. ഇത് മനുഷ്യന് വേദന നല്‍കുകയും അവന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നു.
ലൈംഗികത്തൊഴിലാളികൾ നേരിടുന്ന അക്രമത്തിന്‍റെ രൂപങ്ങൾ
ശാരീരിക അതിക്രമം: ശരീരത്തിന് പരിക്കേല്‍പ്പിക്കുന്ന തരത്തിലുള്ള ഏത് തരത്തിലുള്ള പ്രവൃത്തിയും അതിക്രമമായി കണക്കാക്കാം. മരണത്തിനോ പരിക്കിനോ കാരണമാകുന്ന ശരീരത്തിലേല്‍പ്പിക്കുന്ന ഏത് തരത്തിലുള്ള ബലപ്രയോഗങ്ങളും അക്രമം ആയാണ് കണക്കാക്കുന്നത്.
എന്നാൽ ഇവയിൽ മാത്രം പരിമിതപ്പെടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കൂടുതല്‍ വിശദമായി പറഞ്ഞാല്‍ തല്ലുക, മുഷ്ടി ഉപയോഗിച്ച് ഇടിക്കുക, ശ്വാസം മുട്ടിക്കുക, ആയുധം ഉപയോഗിച്ച് ഉപ്രദവിക്കുക തുടങ്ങിയവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും.
ശാരീരിക അതിക്രമത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്താവുന്ന മറ്റ് പ്രവർത്തനങ്ങൾ ഇവയാണ്: ഒരു വ്യക്തിയെ കടിക്കുക, കുലുക്കുക, കുത്തുക, മുടി വലിക്കുക തുടങ്ങിയവ.
ലൈംഗിക അതിക്രമങ്ങൾ: ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികമായ മറ്റ് ഉപദ്രവങ്ങള്‍, ലൈംഗിക ബന്ധത്തിനായി മാനസികമായി നിര്‍ബന്ധിക്കല്‍, അവനവന്‍റെ താല്‍പ്പര്യത്തിന് വിരുദ്ധമായ ലൈംഗിക പ്രവൃത്തികള്‍ക്ക് വിധേയരാവുകയോ ചെയ്യുക തുടങ്ങിയവയൊക്കെ ലൈംഗിക ആക്രമണം ആയി കണക്കാകും.
വൈകാരികമോ മാനസികമോ ആയ അക്രമം: മറ്റുള്ളവരുടെ മുന്നില്‍ അപമാനിക്കുക, വാക്കുകളോ പ്രവൃത്തികളോ അപമാനമാണെന്ന് വ്യക്തിക്ക് സ്വയം തോന്നലുണ്ടാക്കുന്ന പ്രവര്‍ത്തികള്‍, മക്കളുടെ കസ്റ്റഡി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തി കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മാറ്റിനിര്‍ത്തപ്പെടുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുക ഇവയൊക്കെ ഇത്തരം അതിക്രമത്തിന്‍റെ പരിധിയില്‍ വരുന്നതാണ്.
ലൈംഗികത്തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മനുഷ്യാവകാശ ലംഘനങ്ങൾ ഇവയാണ്:
പണം തട്ടിയെടുക്കുകയോ നിരസിക്കുകയോ ചെയ്യുക, ഭക്ഷണം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾ നിരസിക്കുക, പണം നല്‍കുന്നതില്‍ വഞ്ചിക്കുക, മയക്കുമരുന്ന് കഴിക്കാൻ നിർബന്ധിക്കുക, മദ്യപാനത്തിന് നിര്‍ബന്ധിക്കുക, അനാവശ്യമായ ശാരീരിക പരിശോധനകള്‍ക്ക് വിധേയമാക്കുക, പരിശോധനയുടെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെക്കുക, അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കുക, നിര്‍ബന്ധിത എച്ച്ഐവി പരിശോധന, വന്ധ്യംകരണം, ഗർഭച്ഛിദ്രം, പരസ്യമായി കളിയാക്കുകയോ തരംതാഴ്ത്തുകയോ ചെയ്യുക തുടങ്ങിയവയൊക്കെ മനുഷ്യാവകാശ ലംഘനങ്ങളായി കണക്കാക്കാം.
ലൈംഗികത്തൊഴിലാളികൾ നേരിടുന്ന അക്രമത്തിനുള്ള കാരണങ്ങൾ
ലൈംഗിക ജോലി ഒരു വ്യക്തിക്കും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകള്‍ക്കും അവരിടപഴകുന്ന സമൂഹത്തിനും വളരെ മോശം പ്രവര്‍ത്തിയാണെന്നത് ആണ് ഇവര്‍ക്കെതിരെയുള്ള അതിക്രമത്തിന്‍റെ പ്രധാന കാരണം. മാത്രവുമല്ല ലൈംഗികത്തൊഴിലാളികള്‍ക്കിടയിലും ലിംഗപരമായ വേര്‍തിരിവുകള്‍ പ്രകടമാണ്. പുരുഷ ലൈംഗികത്തൊഴിലാളിയേക്കാളും സ്ത്രീ തൊഴിലാളികളും ട്രാന്‍സ്ജന്‍ഡേഴ്സ് ആണ് കൂടുതല്‍ വിവേചനവും അക്രമവും നേരിടുന്നത്. ഇത് ലൈംഗിക അസമത്വത്തിന്‍റെയും വേര്‍തിരിവിന്‍റെയും ഉത്തമ ഉദാഹരണമാണ്.
ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ:
യുണൈറ്റഡ് നേഷന്‍സ് ഏജന്‍സീസ്, ഐക്യരാഷ്ട്ര വികസന പദ്ധതി (യുഎൻഡിപി), യുഎന്‍ വുമണ്‍, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഐക്യരാഷ്ട്ര സംയുക്ത പ്രോഗ്രാം എച്ച്ഐവി / എയ്ഡ്സ് (യുഎൻഐഡിഎസ്), നിരവധി മനുഷ്യാവകാശ സംഘടനകൾ, ഉദാ. ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റർനാഷണൽ, ആന്‍റി ട്രാഫിക്കിങ് ഓർഗനൈസേഷനുകൾ, ലാ സ്ട്രാഡ ഇന്‍റനാഷണൽ, ഗ്ലോബൽ അലയൻസ് എഗെയിൻസ്റ്റ് വുമൺ.
ലൈംഗിക തൊഴിലാളികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എങ്ങനെ ഇല്ലാതാക്കാം:
ഉദ്യോഗസ്ഥ തലത്തിലുള്ളവരുടെ ഉത്തരവാദിത്തം വളര്‍ത്തിയെടുക്കലാണ് ആദ്യ പടി. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഉചിതമായ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തേയും ജോലി സ്ഥലത്തേയും സുരക്ഷ ഉറപ്പു വരുത്തണം. നിയമപരവും മാനസികവുമായ എല്ലാ പിന്തുണയും നല്‍കുമ്പോള്‍ മാത്രമാണ് അതിക്രമങ്ങളുടെ തോത് കുറക്കാന്‍ കഴിയൂ.
കര്‍ണാടക ഹെല്‍ത്ത് പ്രമോഷന്‍ ട്രസ്റ്റ്(കെഎച്ച്പിടി), അവഹാന്‍സ് ക്രൈസിസ് റെസ്പോണ്‍സ് സിസ്റ്റം, ദര്‍ബാര്‍ മഹിള സമന്വയ കമ്മിറ്റി(ഡിഎംഎസ്‌സി), ഉഷ മള്‍ട്ടി പര്‍പ്പസ് കോപ്പറേറ്റീവ് സൊസൈറ്റി എന്നിവയാണ് ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍.