ബെംഗളൂരു: ബെംഗളൂരു കലാപത്തില്‍ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതായി ബെംഗളൂരു പൊലീസ് കമ്മിഷണർ കമല്‍ പാന്‍റ് അറിയിച്ചു. സെയ്‌ദ് നദീം (24) ആണ് മരിച്ചത്. സംഭവത്തില്‍ 35 പേർ കൂടി അറസ്റ്റിലായി. ഇതുവരെ 340 പേരെയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെ ദേവര ജീവനഹള്ളിയിലെ അക്രമവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12നാണ് നദീം അറസ്റ്റിലായത്. നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ വയറില്‍ ബലമുള്ള എന്തോ കൊണ്ട് ഇടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നദീമിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസ് വെടിവയ്പ്പല്ല മരണകാരണമെന്നും കമ്മിഷണർ പറഞ്ഞു.
കോൺഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവായ നവീൻ എന്ന യുവാവിന്‍റെ മതവിദ്വേഷപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കലാപത്തിന് ഇടയാക്കിയത്. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂവായിരത്തോളം പേർ ചേർന്ന് തന്‍റെ വീടും വാഹനങ്ങളും ഉൾപ്പെടെയുള്ളവ തീയിട്ട് നശിപ്പിച്ചെന്നാണ് എംഎല്‍എയുടെ പരാതി. സ്വർണം ഉൾപ്പെടെ മൂന്ന് കോടി രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചതായും എംഎല്‍എ പരാതിപ്പെട്ടതായി കമ്മിഷണർ അറിയിച്ചു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് എംഎല്‍എ പരാതി നല്‍കിയത്. ഇന്നലെ മാത്രം 84 പേരാണ് കലാപത്തില്‍ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഡിപിഐ നേതാക്കളായ മുസമില്‍ പാഷ, കലീം പാഷ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കലാപം നടന്ന ഡിജെ ഹള്ളിയിലും കെജി ഹള്ളിയിലും നിരോധനാജ്ഞ നീട്ടിയതായി കമ്മിഷണർ അറിയിച്ചു. ഓഗസ്റ്റ് 18 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നിലവിൽ ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.