ന്യൂഡല്‍ഹി: ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 ദിവസമായി നിരാഹാര സമരം നടത്തുന്ന ഡല്‍ഹി വനിതാ കമ്മിഷന്‍ മേധാവി സ്വാതി മാലിവാളിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ 'ദിഷ' നിയമം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നതുവരെ താൻ ഉപവാസം ലംഘിക്കില്ലെന്ന് വ്യക്തമാക്കി ശനിയാഴ്ച അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാനും 21 ദിവസത്തിനുള്ളിൽ ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കാനുമുള്ള നിയമം ആണ് ദിഷ. ഈ വര്‍ഷമാണ് ആന്ധ്രാപ്രദേശ് നിയമസഭ ഈ ബില്‍ പാസാക്കിയത്. സമാന നിയമം രാജ്യത്തുടനീളം കൊണ്ടുവരുന്നതിനായി അഭ്യര്‍ഥന നടത്തിക്കൊണ്ടാണ് ഇവര്‍ നിരാഹാര സമരം നടത്തിയത്.
ഇവരുടെ ആരോഗ്യ സ്ഥിതി വളരെ മോശമായതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ക്രിയാത്മക തീരുമാനങ്ങളെടുക്കാതെയാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം കടന്നു പോകുന്നത്. ചരിത്രപരമായ തീരുമാനം ആന്ധ്ര സർക്കാരിന് എടുക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് ഇത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തില്‍ സ്വാതി മാലിവാള്‍ പറയുന്നു.