ന്യൂഡൽഹി: ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. ഭേദഗതി വരുത്തിയ ഹിന്ദു പിന്തുടർച്ച നിയമപ്രകാരം മകൾക്ക് കുടുംബ സ്വത്തിൽ തുല്യ അവകാശം ലഭിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി പ്രഖ്യാപനം. ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുണ്ടെങ്കിൽ പോലും സ്വത്തിൽ പെൺമക്കൾക്ക് അവകാശമുണ്ടാകുമെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.